
കോട്ടയം: മലബാറുക്കാർക്ക് ഓണസമ്മാനമായിട്ടാണ് ലുലു മാള്‍ കോഴിക്കോട് സെപ്തംബറിൽ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, ഇത്തവണ ക്രിസ്മസ് സമ്മാനമായി ലുലു എത്തുന്നത് അക്ഷരനഗരിയായ കോട്ടയത്താണ്. ഡിസംബർ 14ന് ഉദ്ഘാടനത്തിനായി ലുലവിന്റെ പുതിയ മാൾ പണിപൂർത്തിയാക്കി കാത്തിരിക്കുകയാണ്. 15 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാള്‍ കൂടിയാണിത്.
എന്നാല്‍, കോട്ടയം കൊണ്ട് മലയാളികള്‍ക്കുള്ള ലുലുവിന്റെ സർപ്രൈസ് അവസാനിക്കുന്നില്ല. 2025-ല്‍ കേരളത്തില്‍ നിരവധി ഇടങ്ങളിലാണ് ലുലു തങ്ങളുടെ ഹൈപ്പർമാർക്കറ്റുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നത്.
കോട്ടയം കഴിഞ്ഞാൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലിയാണ് കൊല്ലത്ത് ആരംഭിക്കുന്നത്. കൊട്ടിയത്തുള്ള ഡ്രീംസ് മാളിലായിരിക്കും ലുലു ഡെയ്ലി പ്രവർത്തനം തുടങ്ങുക. കുറഞ്ഞത് 500 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കൊല്ലം പത്തനാപുരത്ത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി ഗണേഷ് കുമാർ തുടക്കം കുറിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചർച്ച തുടങ്ങിയെന്നാണ് മന്ത്രി അറിയിച്ചത്. പത്തനാപുരത്തുള്ള സെൻട്രല്‍ മാളില്‍ ഹൈപ്പർമാള്‍ തുടങ്ങാനാണ് പദ്ധതി.
കൊല്ലം കഴിഞ്ഞാൽ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും തിരൂരുമാണ് ലുലു ഹൈപ്പർമാർക്കറ്റുകള്‍ തുറക്കുന്നത്. മാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം. 3.5 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ളതാണ് പെരിന്തല്‍മണ്ണയിലെ മാള്‍. തിരൂരില്‍ കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാള്‍ ഒരുങ്ങുന്നത്. ലുലു മാളുകള്‍ തുറക്കുന്നതോടെ നിരവധി പേർക്കായിരിക്കും തൊഴില്‍ ലഭിക്കുക.
ക്രിസ്മസ് കളറാക്കാൻ കോട്ടയംക്കാർ കാത്തിരിക്കുകയാണ്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് കോട്ടയത്തെ പുതിയ മാള്‍. പാലക്കാട്, കോഴിക്കോട് മിനി മാളുകളുടെ മാതൃകയില്‍ തന്നെയാണ് ഇതും ഒരുക്കിയിരിക്കുന്നത്. 3.22 ലക്ഷം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മാള്‍ പ്രവർത്തിക്കുക.
താഴത്തെ നിലയില്‍ ലുലുവിന്റെ ഹൈപ്പർമാർക്കറ്റാണ്. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടും ഉണ്ടാകും. മറ്റ് മാളുകളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഷോപ്പിംഗ് അനുഭവമായിരിക്കും കോട്ടയത്തും ലഭിക്കുക. ഇതിനായി ലോകോത്തര ബ്രാഡന്റുകള് തന്നെ അണിനിരക്കും. ഷോപ്പിങ് മാത്രമല്ല, വിനോദത്തിനും ഭക്ഷണത്തിനും അമ്പരിപ്പിക്കുന്ന സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ടാണ് കോട്ടയം ലുലു മാളില്‍ ഉണ്ടാകുക. ഒരേ സമയം 1000 വാഹനങ്ങളും പാർക്ക് ചെയ്യാം. എസ്ഡബ്ല്യുഎ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമഎർത്ത്, ബെല്‍ജിയൻ വാഫിള്‍സ്, മക്ഡോണാള്‍സ്, കെഎഫ്സി തുടങ്ങി വമ്പൻ ബ്രാൻഡുകള്‍ തന്നെ ലുലുവില്‍ ഉണ്ടാകും. കുട്ടികള്‍ക്കായി ഫണ്‍ ട്യൂറയും. ഉപഭോക്താക്കള്‍ക്കായി പതിവ് പോലെ ലുലു ഉദ്ഘാടന ഓഫറുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.