
സ്വന്തം ലേഖകൻ
കൊച്ചി : പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ലഹരിമരുന്ന് കേസിലെ പ്രതി പിടിയിൽ. തൃശൂർ വടൂക്കര കൂർക്കഞ്ചേരി ഈരാറ്റുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാഷിറിനെയാണ് (31) പൊലീസ് പിടികൂടിയത്. തൃശൂരിൽ നിന്ന് ഇയാൾ ലഹരി മരുന്നുമായി കൊച്ചിയിലേക്ക് വരുന്നുവെന്ന് ഡാൻസാഫ് സംഘത്തിന് നേരത്തേ വിവരം കിട്ടിയിരുന്നു.
തുടർന്ന് ചക്കരപ്പറമ്പ് കൊറ്റംകാവ് റോഡിന് സമീപം ഡാൻസാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഡാൻസാഫ് സംഘം പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ താഴെ വീണ മനോജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് പൊട്ടലുണ്ട്. തുടർന്ന് രക്ഷപെടാൻ ഇയാൾ ശ്രമിച്ചെങ്കിലും പൊലീസ് ജാഷിറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജാഷിറിൽ നിന്ന് 52.80 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു സംഭവത്തിൽ ഡാന്‍സാഫ് ടീം വാഴക്കാലയിലുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയില്‍ പാലാരിവട്ടം പഴശ്ശി ലൈനിൽ ത്രിവേണി വീട്ടിൽ വിഷ്ണുവിനെ (29) പിടികൂടി. ഇയാളിൽ നിന്ന് 13.93 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്ന റാക്കറ്റുകളിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.