
ഡൽഹി: ദുരന്തബാധിത വയനാടിന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപ്പോർട്ട് നവംബർ 13-ന് മാത്രമാണ് കേരളം കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വയനാട് എം.പി. പ്രിയങ്കാ ഗാന്ധിക്ക് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ട് മന്ത്രിതല സമിതി പരിശോധിച്ചുവരികയാണെന്നും അമിത് ഷാ പറഞ്ഞു.
വയനാടിന് സഹായം അഭ്യർഥിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള സംഘം കഴിഞ്ഞദിവസം അമിത് ഷായെ കണ്ടിരുന്നു. വിഷയം വിശദമായി പരിശോധിച്ചശേഷം മറുപടി നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം സമർപ്പിച്ച റിപ്പോർട്ട് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചുവരികയാണെന്നും സമിതിയുടെ തീരുമാനം വൈകാതെയുണ്ടാകുമെന്നും അമിത് ഷായുടെ മറുപടിയിലുണ്ട്.
സർക്കാർ റിപ്പോർട്ട് നല്‍കാൻ വൈകിയതിനാലാണ് കേന്ദ്രം സഹായം അനുവദിക്കാൻ വൈകുന്നതെന്നാണ് മറുടിയിലുള്ള സൂചന. സഭാ സമ്മേളനം ആരംഭിച്ചതിന് ശേഷം ഇതിനകം രണ്ടുതവണ വയനാട് സഹായവുമായി ബന്ധപ്പെട്ട് കേന്ദ്രം വിശദീകരണം നല്‍കിയിരുന്നു.
ജൂലൈ 30-നാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായത്. നാനൂറിലധികം പേർക്ക് ദുരന്തത്തില്‍ ജീവൻ നഷ്ടമാവുകയും നിരവധിപ്പേരെ കാണാതാവുകയും ചെയ്തിരുന്നു.