
ആലപ്പുഴ: ആലപ്പുഴ കളർകോട് 6 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് നിർണായക വിവരങ്ങള്‍ പുറത്ത്.
വാഹന ഉടമ ഷാമില്‍ ഖാൻ വിദ്യാർത്ഥിയില്‍ നിന്ന് ലൈസൻസ് അയച്ചു വാങ്ങിയത് അപകട ശേഷമെന്ന വിവരമാണ് പുറത്തുവരുന്നത്.
അപകടത്തില്‍ മരിച്ച അബ്ദുല്‍ ജബ്ബാറിന്റെ ലൈസൻസാണ് കാറുടമ സഹോദരനില്‍ നിന്ന് വാങ്ങിയത്. വിദ്യാർത്ഥികള്‍ക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമില്‍ ഖാൻ വാഹനം നല്‍കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കാറുടമ ഷാമില്‍ ഖാൻ ഗൂഗിള്‍പേ വഴി പണം അയച്ചുവാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആർടിഒ ദിലു കെ വ്യക്തമാക്കി. റെന്റ് എ ക്യാബിനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാഹന ഉടമയ്ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് ആർടിഒ പറഞ്ഞു. അനധികൃതമായി വാഹനം റെന്റിനു നല്കുന്നു എന്നാണ് പരാതികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി റെന്റ് എ ക്യാബ് നല്കിയതിനാല് ആർസി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്ക്കെതിരെ പ്രൊസിക്യൂഷൻ നടപടി ഉണ്ടാകുമെന്നും കോടതിയില്‍ റിപ്പോർട്ട് നല്‍കുമെന്നും ആർടിഒ കെ ദിലു അറിയിച്ചു.
അതേ സമയം, ആലപ്പുഴയിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അപകടമരണം ലോക് സഭയില്‍ ഉന്നയിച്ച് കെ സി വേണുഗോപാല്‍ എംപി. റോഡ് നിര്‍മ്മാണത്തിലെ അപാകതയും അപകടത്തില്‍ പെട്ടവര്‍ക്ക് യഥാസമയം, ചികിത്സ കിട്ടാത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാല്‍ റോഡ് സെഫ്റ്റി നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും വ്യക്തമാക്കി.
ബ്ലാക്ക് സ്പോട്ടുകളിലെ അപകട സാധ്യത കുറയ്ക്കാന്‍ നാല്പതിനായിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആലപ്പുഴയില്‍ അപകടം നടന്ന ദേശീയ പാതയിലടക്കം പദ്ധതി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മറുപടി നല്കി.