കേരളത്തിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ റിഫ്രഷ് ആന്റ് റീ ചാർജ് സ്റ്റേഷനുകൾ നിലവിൽ വരുന്നു ; കഫെറ്റീരിയയും വൈ-ഫൈയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും

Spread the love

ഒരേസമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനാവുന്ന ഇത്തരം കേന്ദ്രങ്ങളിൽ ശുചിമുറിയും കഫെറ്റീരിയയും ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. കെ.എസ്.ഇ.ബി കേരളത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് രൂപം നൽകിയ ഇ.വി. ആക്സിലറേറ്റർ സെല്ലിൻ്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.

വൈദ്യുതി വാഹനങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണെന്നും അവയ്ക്ക് ആവശ്യമായത്ര സുസജ്ജമായ ചാർജിംഗ് ശൃംഘല കേരളത്തിലുടനീളം സൃഷ്ടിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്താകെ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാൻ കെ.എസ്.ഇ.ബി.യ്ക്കും അനർട്ടിനും കഴിഞ്ഞിട്ടുണ്ടെങ്കിലും പരാതികൾ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റീവാമ്പിംഗ് ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് എക്കോ സിസ്റ്റം ഇൻ കേരള എന്ന വിഷയത്തിൽ കെ.എസ്.ഇ.ബി. റോക്കി മൌണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ആദ്യമായി ഇ-മൊബിലിറ്റി നയം നടപ്പാക്കിയത് കേരളത്തിലാണ്. ഈ നയമനുസരിച്ച് കേരളത്തിൽ വൈദ്യുതി വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസി കെ.എസ്.ഇ.ബി ആണ്. ആദ്യഘട്ടത്തിൽ സ്ഥാപിച്ച പുതുപ്പാടി, കൊയിലാണ്ടി, കണ്ടശൻക്കടവ്, വടക്കാഞ്ചേരി, കുറ്റിക്കാട്ടൂർ എന്നീ ചാർജ്ജിംഗ് സ്റ്റേഷനുകൾ പുത്തൻ സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങൾക്ക് അനുയോജ്യമല്ലെന്ന പരാതി ഉയർന്നിരുന്നു. ഇവ ഉൾപ്പടെയുള്ള എല്ലാ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും ആധുനിക സൌകര്യങ്ങളോടെ നവീകരിക്കാൻ കെ.എസ്.ഇ.ബി പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുകയാണ്.റിഫ്രഷ് ആന്റ് റീ ചാർജ് എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നതോടെ നാല് വാഹനങ്ങൾക്ക് വരെ ഒരേസമയം ചാർജ് ചെയ്യാനാവും. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമാകുന്ന തരത്തിൽ കഫറ്റീരിയ, ശുചിമുറി, വൈ-ഫൈ സംവിധനം എന്നിവയും ചാർജിംഗ് സ്റ്റേഷനിൽ ഒരുക്കും. സ്മാർട്ട് ആപ്പ്ഫ്രീ സാങ്കേതിക വിദ്യയുപയോഗിച്ച് ഉപഭോക്താക്കൾക്ക് ചാർജ്ജ് ചെയ്യാൻ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്‌ടർ ബിജു പ്രഭാകർ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊബൈൽ ആപ്പിൻ്റെ സഹായം കൂടാതെ അനായാസം വാഹന ചാർജിംഗ് സാധ്യമാക്കുന്ന ഏറ്റവും ആധുനികമായ സംവിധാനമാണ് ഉദ്ദേശിച്ചിട്ടുള്ളത്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളോട് ചേർന്നുംചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. മാൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ എംപാനൽഡ് ഏജൻസികൾക്ക് ചാർജ്ജിംഗ് സ്റ്റേഷനുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.