
കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ വാർത്തയിൽ മറ്റൊരു നടൻ്റെ ഫോട്ടോക്ക് പകരം തന്റെ ഫോട്ടോ ഉപയോഗിച്ചതിന് മനോരമക്ക് എതിരെ നടൻ മണികണ്ഠൻ ആർ. ആചാരി.
കഴിഞ്ഞ ദിവസമായിരുന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐയും നടനുമായ കെ. മണികണ്‌ഠനെ സർവീസിൽ നിന്ന് സസ്പെന്റ്റ് ചെയ്‌ത വാർത്തകൾ പുറത്തുവന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നടന് എതിരെ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലായിരുന്നു ഈ നടപടിയുണ്ടായത്. ആട്2, ജാനകി ജാനേ, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത നടനായിരുന്നു കെ. മണികണ്ഠൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ മനോരമ പത്രത്തിൽ ഈ സസ്പെൻഷൻ വാർത്ത വന്നപ്പോൾ കെ. മണികണ്ഠന് പകരം നടൻ മണികണ്ഠൻ ആർ. ആചാരിയുടെ ഫോട്ടോയാണ് വന്നത്. പിന്നാലെ നടൻ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ പ്രതികരണവുമായി എത്തി.
‘മനോരമ എൻ്റെ വീടിൻ്റെ ഐശ്വര്യം’ എന്ന ക്യാപ്ഷനോടെ മണികണ്‌ഠൻ ആർ. ആചാരി പത്രവാർത്ത തൻ്റെ സോഷ്യൽ മീഡിയ അകൗണ്ടിൽ ഷെയർ ചെയ്യുകയായിരുന്നു. ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചു. വീഡിയോയിൽ താൻ മനോരമക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നാണ് നടൻ പറയുന്നത്.
അടുത്ത മാസം ചെയ്യാനിരിക്കുന്ന ഒരു തമിഴ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോഴാണ് താൻ ഈ വാർത്ത അറിയുന്നതെന്നും മണികണ്ഠൻ ആർ. ആചാരി വീഡിയോയിൽ പറഞ്ഞു. പിന്നാലെ നിരവധിയാളുകളാണ് നടനെ പിന്തുണച്ച് മനോരമക്ക് എതിരെ കമൻ്റുകളുമായി എത്തിയത്.
മനോരമ ഇന്നത് ആദ്യ പേജിൽ കൊടുത്തെങ്കിൽ നാളെ ആരും കാണാത്ത ഒരു മൂലയിൽ ചെറിയ കോളത്തിൽ തെറ്റ് തിരുത്തി കൊടുക്കുമെന്ന് പറഞ്ഞ് നിരവധി പരിഹാസ കമന്റുകളും എത്തി. പാലക്കാട് എഡിഷൻ നോക്കിയാൽ ചിലപ്പോൾ ഫോട്ടോയിൽ മണികണ്ഠൻ പട്ടാമ്പിയാകുമെന്നും കമന്റുകളുണ്ട്.