
സ്വന്തം ലേഖകൻ
തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരു കാലത്ത് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്ന നടിയായിരുന്നു സുകന്യ. ചന്ദ്രലേഖ, സാഗരം സാക്ഷി, തൂവല്‍ കൊട്ടാരം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണവര്‍. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് വിവാഹജീവിതത്തിലേക്കു കടന്ന സുകന്യയെ കാത്തിരുന്നത് പക്ഷേ കൊടിയ പീഡനങ്ങളായിരുന്നു. ആ കഥ പറയുകയാണ് നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ചുപറഞ്ഞത്.
തമിഴ് സിനിമയിലായിരുന്നു സുകന്യയുടെ അരങ്ങേറ്റം. അവരുടെ രണ്ടാമത്തെ ചിത്രമായ എംജിആര്‍ നഗറില്‍ എന്ന സിനിമ സംവിധാനം ചെയ്തത് ആലപ്പി അഷ്റഫായിരുന്നു. മലയാളത്തില്‍ ഹിറ്റായിരുന്ന ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേക്കായിരുന്നു ആ ചിത്രം. പ്രശസ്ത തമിഴ് സംവിധായകന് ഭാരതിരാജ കണ്ടെത്തിയ പുതുമുഖ നായികായിരുന്നു സുകന്യ. അദ്ദേഹത്തിന്റെ പുതു നെല്ല് പുതു നാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സുകന്യയുടെ അരങ്ങേറ്റം. മദ്രാസിലെ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരിക്കെയാണ് സുകന്യ സിനിമയിലെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംജിആര്‍ നഗറില്‍ എന്ന ചിത്രത്തിലേക്ക് സുകന്യയെ നിര്‍ദേശിക്കുന്നത് നിര്‍മാതാവായിരുന്ന ആര്‍ബി ചൗധരിയായിരുന്നു. താന്‍ നേരില്‍ ചെന്ന് ഇന്‍ ഹരിഹര്‍ നഗറിന്റെ വീഡിയോ കാസറ്റ് സുകന്യയ്ക്ക് നല്കിയതെല്ലാം അഷ്റഫ് ഓര്‍ക്കുന്നു. നര്‍ത്തകിയും ഗായികയും അതിനൊപ്പം സംഗീത സംവിധായികയും കൂടിയായിരുന്നു സുകന്യയെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നീട് മലയാളത്തിലടക്കം തിളങ്ങി മുന്‍നിര നായികാ നിരയില്‍ നില്‍ക്കെയാണ് സുകന്യ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്; സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സുകന്യയും ശ്രീധര്‍ രാജഗോപാല്‍ എന്ന അമേരിക്കന്‍ ബിസിനസുകാരനുമായി വിവാഹം നടക്കുന്നത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നുവെച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങളോടെയാണ് ഭര്‍ത്താവിനൊപ്പം അവര്‍ അമേരിക്കയിലേക്ക് പോകുന്നത്. എന്നാല്‍ അവരുടെ എല്ലാ മോഹങ്ങളേയും തച്ചുടച്ചുകൊണ്ട് അവിടെ അവരെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. അങ്ങനെ പീഡനങ്ങള്‍ ഏറ്റുവാങ്ങി തീര്‍ക്കേണ്ടതല്ല തന്റെ ജീവിതം എന്നുറപ്പിച്ച് മാസങ്ങള്‍ക്കു ശേഷം സുകന്യ അമേരിക്കയില്‍ നിന്ന് തിരിച്ചുവരികയാണുണ്ടായത്. താമസിയാതെ അവര്‍ വിവാഹ മോചിതയുമായി. അമേരിക്കയില്‍ നിന്ന് തിരികെ വന്ന സുകന്യ വീണ്ടും സിനിമയില്‍ തുടര്‍ന്നുവെങ്കിലും പഴയ പേരും പ്രതാപവുമൊന്നും തിരികെ കിട്ടിയില്ലെന്നും അഷ്റഫ് പറയുന്നു.



