
മാനന്തവാടി: വയനാട്ടിലെത്തിയ വിദേശ വനിതയെ ‘പാല്‍വെളിച്ചം’ എന്ന ആയുർവേദ യോഗാവില്ല റിസോർട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. റിസോർട്ടിനെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂണ്‍ സ്വദേശി മോഗ്യും ക്യാപ്റ്റുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസം മുമ്പാണ് ഇവർ മാനന്തവാടിയിലെ സ്വകാര്യ ആയുർവേദ കേന്ദ്രത്തില്‍ യുവതി ചികിത്സക്കായി എത്തിയത്. മരിച്ച ശേഷം വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്‍സില്‍ സൂക്ഷിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
മാനന്തവാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവർക്കാണ് യുവതിയുടെ മൃതദേഹം കൈമാറിയത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ആംബുലൻസ് ഡ്രൈവർ മൃതദേഹം കൊണ്ടു പോയത്. എന്നാൽ, ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിനോട് ചേർന്ന ഷെഡിലാണ് മൃതദേഹം സൂക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് മൃതദേഹം 27ന് കോഴിക്കോട് വച്ച് എംബാം ചെയ്ത് ബെംഗളൂരുവിലേക്കും തുടർന്ന് സ്വദേശത്തേക്കും കൊണ്ടുപോയി. മോഗ്യും ക്യാപ്റ്റുവിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങളുണ്ടായിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയത് എന്തിനാണെന്നാണ് സംശയം.
വിഷയത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോണ്‍ഗ്രസും പോലീസില്‍ പരാതി നല്കി. മരണം സ്ഥിരീകരിക്കാൻ ആയുർവേദ കേന്ദ്രത്തില്‍ അംഗീകൃത ഡോക്ടർമാരുണ്ടായില്ല എന്നും പോലീസിന്റെ സാന്നിധ്യത്തിലല്ലാതെയാണ് മൃതദേഹം ആംബുലൻസ് ഡ്രൈവർക്ക് കൈമാറിയതെന്നും പരാതിയിലുണ്ട്. എന്നാൽ, വിഷയത്തില്‍ വേറെ ഒരു ദുരൂഹതകള്‍ ഒന്നും ഇല്ലെന്നാണ് പോലീസിന്റെ വാദം.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ലെന്നും. സ്വകാര്യ ആശുപത്രികളെ ബന്ധപ്പെട്ടപ്പോള്‍ വിദേശ വനിതയായതിനാല്‍ നിയമപ്രശ്നങ്ങള്‍ പറഞ്ഞ് അവരും തയാറായില്ലെന്നുമാണ് പോലീസ് വിശദികരണം.
അതേസമയം, വിദേശത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കുന്നതിനാണ് ആംബുലൻസില്‍ മൃതദേഹം സൂക്ഷിച്ചതെന്നാണ് ആംബുലൻസ് ഡ്രൈവർ ഉള്‍പ്പെടെയുള്ളവർ പറയുന്ന വിശദികരണം.



