
സ്വന്തം ലേഖകൻ
ബാലരാമപുരം: ക്രിസ്മസ്, ന്യൂ ഈയർ പ്രമാണിച്ച് വില്പനയ്ക്കായി എത്തിച്ച എട്ടരക്കിലോ കഞ്ചാവ് ബാലരാമപുരം പൊലീസ് പിടികൂടി. സംഭവത്തിൽ നരുവാമൂട് സ്വദേശി വടക്കേവിള ബേബി ലാൻഡിൽ താമസിക്കുന്ന അരുൺ പ്രശാന്തിനെ (41) അറസ്റ്റ് ചെയ്തു.റൂറൽ എസ്.പി കിരൺ നാരായണിന്റെ നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രാപ്രദേശിൽ നിന്ന് പാലക്കാട്ടെത്തിച്ച് ചെറിയ ചെറിയ പായ്ക്കറ്റുകളിലാക്കി കട്ടച്ചക്കുഴിയിൽ എത്തിക്കുകയായിരുന്നു.പൊലീസ് പിടികൂടുമെന്ന ഭയത്താൽ മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്ത്രപൂർവമായിരുന്നു കഞ്ചാവെത്തിച്ചത്.പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലരാമപുരം പൊലീസും ടാൻസാഫ് സ്ക്വാഡും ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു. മംഗലത്തുകോണം ഊറ്റുകുഴിയും പരിസരപ്രദേശവും പൊലീസിന്റെ സ്ഥിരം നിരീക്ഷണ കേന്ദ്രങ്ങളാണ്.
ഡിവൈ.എസ്.പി ഷാജി,ബാലരാമപുരം എസ്.എച്ച്.ഒ ധർമജിത്ത്,എസ്,ഐ ജ്യോതി സുധാകർ,ഡാൻസ് സാഫ് സ്ക്വാഡ് അംഗങ്ങളായ പ്രേംകുമാർ,അനീഷ്,അരുൺകുമാർ,പത്മകുമാർ,അരുൺ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.



