
ഗ്ലോബല്‍ ട്രേഡിങ് കമ്പനി എന്ന പേരില്‍ വൻ ലാഭം വാഗ്ദാനം, യുവാവിനെ കബളിപ്പിച്ച് മൂന്നംഗ സംഘം തട്ടിയെടുത്തത് മൂന്നര ലക്ഷത്തോളം രൂപ ; പ്രതികൾ പിടിയിൽ
കണ്ണൂർ : ഓൺലൈനിലൂടെ കൂത്തുപറമ്പ് സ്വദേശിയുടെ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേർ അറസ്റ്റില്‍.
കോഴിക്കോട് അത്തോളി സ്വദേശി അബ്ദുല്‍ഗഫൂർ, കുറ്റിക്കാട്ടൂർ സ്വദേശി അബ്ദുല്‍ മനാഫ്, തൃശൂർ സ്വദേശി സുനില്‍കുമാർ എന്നിവരാണ് അറസ്റ്റിലായത്.
കൂത്തുപറമ്പ് ആനന്ദം ഹൗസില്‍ അഭിനവിന്റെ പരാതിയിലാണ് മൂന്നുപേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികള്‍ ഗ്ലോബല്‍ ട്രേഡിങ് കമ്പനി എന്ന പേരില്‍ വൻ ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപം സ്വീകരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയർന്ന ലാഭം പ്രതീക്ഷിച്ച് അഭിനവ് തന്റെ അക്കൗണ്ടില്‍ നിന്ന് പ്രതികള്‍ നിർദേശിച്ച അക്കൗണ്ടിലേക്ക് കഴിഞ്ഞ ജനുവരിയില്‍ 3,45,000 രൂപ അയച്ചുകൊടുത്തു. പിന്നീട് ലാഭമോ പണമോ തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതിയുമായി എത്തിയത്. ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.