നല്ല ഉരുണ്ട, ഭംഗിയുള്ള വാഴക്കുല ; വാഴക്കുലയുടെ തൂക്കം മൂന്നു മുതല്‍ അഞ്ച് കിലോ വരെ വര്‍ധിപ്പിക്കാം; പുതിയ സാങ്കേതിക വിദ്യയുമായി ഐഐഎച്ച്‌ആര്‍ ; ചില പൊടിക്കൈകളും അറിഞ്ഞിരിക്കാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഴ കുലച്ചതിനു ശേഷം മൂന്നു മുതല്‍ അഞ്ചു വരെ കിലോ തൂക്കം വര്‍ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യയുമായി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസേര്‍ച്ച്‌. ഇതിനായി 500 ഗ്രാം പച്ച ചാണകം 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ 7.5 ഗ്രാം യൂറിയയും, 7.5 ഗ്രാം സള്‍ഫേറ്റ് ഓഫ് പൊട്ടാഷും ചേര്‍ത്തു യോജിപ്പിച്ച്‌ ഒരു കട്ടിയുള്ള കവറിലാക്കി കൂമ്ബൊടിച്ചതിനു ശേഷം കെട്ടിവച്ചാല്‍ 10- 20 ശതമാനം തൂക്കവര്‍ധന ലഭിക്കുമെന്നാണ് കണ്ടെത്തല്‍.

സാധാരണ യൂറിയ മാത്രം കെട്ടിവയ്ക്കുമ്ബോള്‍ പഴത്തിന്റെ തൂക്കം കൂടുമെങ്കിലും രുചി കുറയും. ഈ സാങ്കേതികവിദ്യയില്‍ രുചി കുറയാതെ തൂക്കം കൂടുമെന്നതാണ് പ്രത്യേകതയെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രഫസറുമായ ഡോ. ഗവാസ് രാഗേഷ് പറഞ്ഞു. വാഴയുടെ കൂമ്ബൊടിച്ച കറ നില്‍ക്കുന്നതിനു മുമ്ബേ ഈ മിശ്രിതം ചേര്‍ത്തു കെട്ടണം. ചെറുപഴങ്ങള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോഗിക്കുന്നതെങ്കിലും ഏത്തവാഴയിലും ഇത് ഫലപ്രദമാണ്. ഈ രീതി ഉപയോഗിച്ച കുലകളില്‍ മൂന്നു മുതല്‍ അഞ്ചുവരെ കിലോ തൂക്കം കൂടിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. ഗവാസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ കുറച്ചു സ്ഥലമേയുള്ളൂയെങ്കിലും അവിടെ ഒരു വാഴയെങ്കിലും വയ്ക്കാത്ത മലയാളിയുണ്ടാവില്ല. ടെറസില്‍ ചാക്കില്‍ വച്ചുവരെ നമ്മള്‍ വാഴ കുലപ്പിക്കാറുണ്ട്. എന്നാല്‍ നല്ല ഉരുണ്ട, ഭംഗിയുള്ള വാഴക്കുല ലഭിക്കണമെങ്കില്‍ ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം. ഇവയില്‍ പലതും നാം പണ്ടുമുതലേ ചെയ്യുന്നതുമാണ്.

വാഴച്ചുണ്ട്, വാഴക്കൂമ്ബ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നതാണ് വിരിഞ്ഞ വാഴയുടെ കൂമ്ബ്. കുല വന്നതിനു ശേഷം പൂര്‍ണമായി കായകള്‍ വിരിഞ്ഞു കഴിഞ്ഞ് കുലയുടെ അറ്റത്തുള്ള ഭാഗമാണിത്. ആണ്‍ മുകുളമാണീ (Male bud) വാഴക്കൂമ്ബ്. വാഴക്കൂമ്ബ് ഒടിച്ചുകളഞ്ഞാലേ വാഴപ്പഴത്തിന് ഒരു തുടമുണ്ടാകൂ എന്ന് പഴമക്കാര്‍ പറയാറുണ്ടല്ലോ? അതായത് വാഴക്കായ് നല്ല തൂക്കം വയ്ക്കണമെങ്കില്‍ ഈ ചുണ്ട് ഒടിക്കല്‍ പ്രക്രിയ നടത്തണം. Denaavelling എന്നാണ് ഈ പ്രക്രിയയ്ക്ക് ഇംഗ്ലീഷില്‍ പറയുന്നത്. ചുണ്ടില്ലാ കണ്ണന്‍ എന്നൊരു വാഴയിനത്തിന്റേതൊഴിച്ച്‌ ഈ ചുണ്ടൊടിക്കല്‍ പരിപാടി നടത്തണം. ചുണ്ടില്ലാ കണ്ണന് കൂമ്ബൊടിക്കല്‍ ബാധകമല്ലെന്നര്‍ഥം.

ചുണ്ടിലേക്കുള്ള ആഹാരവസ്തുക്കളുടെ ഒഴുക്ക് നില്‍ക്കുന്നതിനാല്‍ ആഹാരം കൂടുതല്‍ കായകളിലേക്കെത്തുന്നു. ഇത് ഇവയുടെ വലുപ്പം വര്‍ധിപ്പിക്കുന്നു.

നാരുകള്‍ ധാരളമടങ്ങിയ വാഴച്ചുണ്ട് പയറിട്ടോ, പരിപ്പിട്ടോ ഒക്കെ ഒന്നാന്തരം തോരനുമാക്കാം. വാഴയില്‍ രോഗം പരത്തുന്ന ഇല പേന്‍ (mites ) പോലുള്ള ജീവികളുടെ ഒളി താവളമായി മാറാന്‍ സാധ്യതയുള്ളതാണ് വാഴക്കൂമ്ബ്. കായയുടെ ഭംഗി നഷ്ടപ്പെടുത്തുന്നതില്‍ പ്രധാനിയാണീ ഇലപ്പേന്‍. കൂമ്ബിനൊപ്പം ഏറ്റവും അവസാനം ഉണ്ടാകുന്ന അത്ര വലുപ്പം വയ്ക്കില്ലെന്നുറപ്പുള്ള പടല മുറിച്ചു മാറ്റുന്ന ഒരു രീതിയും പഴമക്കാര്‍ ചെയ്തിരുന്നു.

കൂമ്ബൊടിച്ചു കഴിഞ്ഞാല്‍ അറ്റത്ത് ചില പ്രയോഗങ്ങള്‍ ചെയ്യുന്നവരും ധാരാളമാണ്. ഇതിന്‍റെ തുടര്‍ച്ചയാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസേര്‍ച്ച്‌ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ സാങ്കേതിക വിദ്യ. S0P (സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ) 10 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടു തവണ കുലകളില്‍ പല കര്‍ഷകരും തളിക്കാറുണ്ട്. ഇതും തൂക്കവര്‍ധനവിനുള്ള ഒരു പൊടികൈയാണ്.

കായകളുടെ അറ്റത്തുള്ള കേസരത്തിന്റെ (Pistil) അവശിഷ്ടമായ ചെറിയ കറുത്ത ഭാഗം നീക്കികളയുന്നതും നല്ലതാണ്. ചെറു പേനിന്റെ (Mite) ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയുന്നത്.

കുലകള്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ വവ്വാല്‍, പക്ഷികള്‍ എന്നിവയുടെ ആക്രമണത്തില്‍ നിന്നു രക്ഷിക്കാം. നല്ല നിറത്തോടു കൂടിയ ഭംഗിയുള്ള കുലകള്‍ ലഭിക്കുകയും ചെയ്യും. തൃശൂരിലെ ചങ്ങാലിക്കോടന്‍ കര്‍ഷകര്‍ ഇങ്ങനെ ചെയ്യാറുണ്ട്.

വാഴയുടെ കൂമ്ബില്‍ നിന്നു കായകള്‍ ഉണ്ടാകുന്ന ഭാഗം ചൂടേല്‍ക്കാതെ സംരക്ഷിക്കണം. ആഹാരത്തിന്റെ ഒഴുക്ക് തടസമില്ലാതെ ഉണ്ടാകാന്‍ ഇത് സഹായിക്കും. കുലയുടെ സമീപമുള്ള ചെറിയ ഇല ഈ ജോലി നിര്‍വഹിക്കുന്ന ആളാണ്.

ഇത്തരത്തില്‍ ചെറിയ ശ്രദ്ധ കൊടുത്താല്‍ നല്ല വാഴക്കുലകള്‍ നമ്മുടെ വീട്ടുമുറ്റങ്ങളിലും വിളയിക്കാം.