
ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി സുധാകരൻ പറഞ്ഞു.
തന്നെ ഇടയ്ക്ക് ഇത്തരത്തിൽ പലരും കാണാൻ വരാറുണ്ട്. ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടുന്നയാളാണ് താൻ. അതിനാൽ പലരും വന്ന് കാണാറുണ്ട്.കെ സി വേണുഗോപാലും അങ്ങനെയാണ് തന്‍റെ വീട്ടിൽ വന്നത്. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. തീര്‍ത്തും വ്യക്തിപരമായ സന്ദർശനമാണ്. തന്നെ കാണാൻ വന്നാൽ കെസി വേണുഗോപാൽ അദ്ദേഹം സിപിഎമ്മിൽ ചേരുമോയെന്നും ജി സുധാകരൻ ചോദിച്ചു.
കെ സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയണ്ട കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. ബിപിൻ സി ബാബു തന്‍റെ സ്ഥിതി കഷ്ടമെന്ന് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ എന്നും അതിന് അതിനു എന്ത് മറുപടി പറയാനാണെന്നും ജി സുധാകരൻ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയാസമ്മേളനത്തിൽ പങ്കെടുപ്പിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ചിരി മാത്രമായിരുന്നു മറുപടി. മാനദണ്ഡപ്രകാരം സ്ഥാനങ്ങൾ മാത്രമേ ഒഴിഞ്ഞിട്ടുള്ളു. താനിപ്പോഴും പൊതു പ്രവർത്തകൻ തന്നെയാണ്. മറ്റുള്ളവർ എന്നെ കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇപ്പോഴും പ്രസക്തിയുള്ളത് കൊണ്ടാണെന്നും ജി സുധാകരൻ പറഞ്ഞു. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കെസി വേണുഗോപാലും പറഞ്ഞു. കേരള കോണ്‍ഗ്രസ് യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാര്‍ത്ത മാത്രമെ അറിയുകയുള്ളുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ജി സുധാകരനെ കണ്ടത് തികച്ചും വ്യക്തിപരമാണെന്നും രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിൽ ലീഗ് പ്രവർത്തകർ പങ്കെടുക്കാത്തത് പ്രാദേശിക പ്രശ്നങ്ങൾ എന്തെങ്കിലും ആയിരിക്കും. അത് പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം വേദികളിൽ നിന്ന് പൂർണമായും മാറ്റിനിർത്തപ്പെട്ടതിനിടെയാണ് ജി സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വീട്ടിലെത്തി കണ്ടത്. സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിൽ എത്തിയാണ് കെ സി വേണുഗോപാൽ അദ്ദേഹത്തെ കണ്ടത്.
ജി. സുധകരനെ മാത്രമല്ല, സി.പി.എമ്മിലെ മറ്റുള്ളവരെയും സ്വാഗതം ചെയ്യുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കൊച്ചിയിൽ പ്രതികരിച്ചത്.
സി.പി.എമ്മിലെ അതൃപ്തരായ മറ്റുളളവരും ബിജെപിയിലേക്ക് വരുമെന്നും കള്ള വാർത്ത കൊടുത്താൽ മാധ്യമ സ്ഥാപനത്തിൽ കയറി ചോദിക്കുമെന്നും ഞങ്ങൾക്ക് അതിനുള്ള അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.