30 കിലോ കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതി പോലീസുകാരൻ; ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തിയത് ആശ്രമത്തിൽനിന്ന്; നിരവധി കേസുകളിൽ പ്രതിയായ പോലീസുകാരൻ കഞ്ചാവുക്കടത്തിന്റെ മുഖ്യസൂത്രധാരൻ

Spread the love

പുനലൂർ: കുര്യോട്ടുമലയിലെ വീട്ടിൽനിന്ന്‌ 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയായ പോലീസുകാരൻ അറസ്റ്റിൽ.

video
play-sharp-fill

കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട്‌ തെക്ക് കാട്ടിൽക്കടവ് സംഘപ്പുരമുക്കിൽ പൈങ്ങാക്കുളങ്ങര വീട്ടിൽ അസർ എന്ന ബെക്കർ അബ(48)യാണ് അറസ്റ്റിലായത്.

പോലീസിൽ ഡ്രൈവർ സിവിൽ ഓഫീസറായ ഇയാളെ ഗുജറാത്തിലെ അഹമ്മദാബാദ് നരോദയിലുള്ള ആശ്രമത്തിൽനിന്നാണ് പിടികൂടിയതെന്ന്‌ പോലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തൃശ്ശൂർ എ.ആർ.ക്യാമ്പിൽ ഡ്രൈവറായിരുന്ന ബെക്കർ അബ, ഒരുവർഷമായി സസ്പെൻഷനിലാണെന്നും മുമ്പും വിവിധ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനലൂർ സ്റ്റേഷനിലെ കഞ്ചാവ് കേസിൽപ്പെട്ടശേഷം മൈസൂരു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും ഒളിവിൽക്കഴിഞ്ഞിരുന്നെന്നും പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ജൂലായ് 11നാണ് കുര്യോട്ടുമലയിലെ വീട്ടിൽനിന്ന്‌ 30 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. എസ്ഐ എം എസ് അനീഷിന്റെ നേതൃത്വത്തിൽ പുനലൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ഇതുമായി ബന്ധപ്പെട്ട് കാപ്പ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ പുനലൂർ മുസാവരിക്കുന്ന്‌, ചരുവിള പുത്തൻവീട്ടിൽ ഷാനവാസ് (41), കുര്യോട്ടുമല അഞ്ജനാഭവനിൽ അജിത് (24), ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ജെസിൽ (22) എന്നിവരെ അന്നുതന്നെയും മറ്റു മൂന്നുപ്രതികളായ റിമോ, സാജ്ചന്ദ്രൻ, നിസാം എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാംപ്രതിയായ ബെക്കർ അബ അന്നുമുതൽ ഒളിവിലായിരുന്നു.

ഏതാനും ദിവസംമുമ്പാണ് ഇയാൾ നരോദയിലെ ആശ്രമത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്‌. എഎസ്ഐ ഷാജി, സിപിഒമാരായ ഹരികൃഷ്ണ, മനീഷ്, ജംഷീദ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എസ്എച്ച്ഒ ടി രാജേഷ്‌കുമാർ പറഞ്ഞു.

കഞ്ചാവുകടത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയിൽനിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നും ഇൻസ്പെക്ടർ പറഞ്ഞു.