
പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ ജൂബിലിത്തിരുനാളിനു നാളെ കൊടിയേറുന്നതോടെ പ്രാര്‍ഥനയുടെയും ആഘോഷത്തിന്‍റെയും എട്ടു ദിനങ്ങളാണ് പാലായ്ക്കു സമ്മാനിക്കുന്നത്.
നാടക മത്സരം,
സാംസ്‌കാരിക ഘോഷയാത്ര, ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം, മരിയന്‍ റാലി, വോളിബോള്‍ ടൂര്‍ണമെന്‍റ്, ഫുഡ് ഫെസ്റ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. കത്തീഡ്രല്‍, ളാലം സെന്‍റ് മേരീസ് പഴയപള്ളി, ളാലം സെന്‍റ് ജോര്‍ജ് പുത്തന്‍പള്ളി എന്നീ ഇടവകകള്‍ സംയുക്തമായാണ് ജൂബിലി തിരുനാള്‍ ആഘോഷിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ വൈകുന്നേരം 4.30 നു ളാലം പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് 5.30 നു തിരുനാള്‍ പതാകയുമായി കുരിശുപള്ളിയിലേക്കു പ്രദക്ഷിണം. ആറിനു കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍ കൊടിയേറ്റും. തുടര്‍ന്നു ലദീഞ്ഞ്.
രണ്ടു മുതല്‍ ആറു വരെ ദിവസവും രാവിലെ 5.30 നു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്. വൈകുന്നേരം 5.30 നു ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്.
ഏഴിന് രാവിലെ 5.30 നു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, 7.30 നു അമലോത്‌ഭവ മാതാവിന്‍റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. എട്ടിനു സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. 2.30ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, മൂന്നിന് ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, 3.45 നു ബൈബിള്‍ ടാബ്ലോ മത്സരം, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിന് സാന്തോം കോംപ്ലക്‌സിലേക്കു പ്രദക്ഷിണം.
9.15 നു സമാപന പ്രാര്‍ഥന.പ്രധാന തിരുനാള്‍ ദിനമായ എട്ടിനു രാവിലെ 6.30 നു വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്. 9.15നു പ്രസുദേന്തി സംഗമം, സമര്‍പ്പണം. പത്തിനു വിശുദ്ധ കുര്‍ബാന, സന്ദേശം- ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, രണ്ടിനു വിശുദ്ധ കുര്‍ബാന, സന്ദേശം, വൈകുന്നേരം നാലിനു പട്ടണ പ്രദക്ഷിണം, രാത്രി 8.45 നു സമാപനാശീര്‍വാദം. തുടര്‍ന്നു സമ്മാനദാനം.
ഒന്‍പതിന് രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, 11.15നു മാതാവിന്‍റെ തിരുസ്വരൂപം കപ്പേളയില്‍ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
സാംസ്‌കാരിക ഘോഷയാത്ര
ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് പ്രധാന വീഥിയിലൂടെ നടക്കും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തവും നവീനവുമായ മുപ്പതില്‍പ്പരം കലാരൂപങ്ങള്‍ അണിനിരക്കും.
നാടകമേള ഒന്നു മുതല്‍
ഡിസംബര്‍ ഒന്നു മുതല്‍ ആറു വരെ ദിവസവും രാത്രി 7.30നു ടൗണ്‍ ഹാളിലാണ് നാടകമേള. സിവൈഎംഎല്‍ നടത്തുന്ന നാടകമേളയില്‍ ഒന്നിന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍, രണ്ടിന് ചിറയന്‍കീഴ് അനുഗ്രഹയുടെ ചിത്തിര, മൂന്നിന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്‍റെ വനിത മെസ്, നാലിന് തിരുവനന്തപുരം അസിധാരയുടെ പൊരുള്‍, അഞ്ചിന് കോഴിക്കോട് വടകര വരദയുടെ അമ്മമഴക്കാറ്, ആറിന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്നിവ അരങ്ങേറും.
ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം
പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് കുറുമുണ്ടയില്‍ ജ്വല്ലറി സ്പോണ്‍സര്‍ ചെയ്ത് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഡിസംബര്‍ ഏഴിന് മൂന്നിന് പാലാ ടൗണില്‍ നടക്കും. ആകര്‍ഷകമായ കാഷ് അവാര്‍ഡുകളും ട്രോഫിയും നല്‍കുമെന്ന് പ്രസിഡന്‍റ് പി.ജെ. ഡിക്സണ്‍, ജനറല്‍ സെക്രട്ടറി ബിജു വാതല്ലൂര്‍,കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് എന്നിവര്‍ അറിയിച്ചു.
ഒന്നാം സമ്മാനമായി 20,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 12,000 രൂപ, തുടര്‍ന്ന് യഥാക്രമം 10,000 രൂപ, 8,000 രൂപ, 6,000 രൂപ, 5,000 രൂപ, 4,000 രൂപ, 3,000രൂപ, 2,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡുകളും കുറുമുണ്ടയില്‍ ട്രോഫിയും വിതരണം ചെയ്യും.
ബൈബിള്‍ ടാബ്ലോ മത്സരം
പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ജൂബിലി ആഘോഷക്കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരം ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് 3.45നു സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച് ളാലം പാലം ജംക്‌ഷനില്‍ സമാപിക്കും. വിജയികള്‍ക്ക് യഥാക്രമം 50,001, 40,001, 30,001 രൂപയും ട്രോഫിയും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് 15,000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
വോളിബോള്‍ ടൂര്‍ണമെന്‍റ്
പാലാ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ 30-ാമത് ജൂബിലി വോളിബോള്‍ ടൂര്‍ണമെന്‍റ് നാളെ മുതല്‍ ആറു വരെ നഗരസഭാ ഫ്ലഡ്‌ലിറ്റ് കോര്‍ട്ടില്‍ നടത്തും. കേരളത്തിലെ പ്രമുഖ ടീമുകളും മറ്റു സംസ്ഥാന ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും എവര്‍ റോളിംഗ് ട്രോഫിയും നല്‍കും.
ഫുഡ് ഫെസ്റ്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് നാലു മുതല്‍ എട്ടു വരെ പുഴക്കര മൈതാനത്ത് ഫുഡ് ഫെസ്റ്റ് നടത്തും. സ്വദേശ, വിദേശ വിഭവങ്ങളുടെ വിപുലമായ കലവറ ഒരുങ്ങും. 50 ലേറെ സ്റ്റാളുകളിലായി നടത്തുന്ന ഫെസ്റ്റില്‍ വാഹന പ്രദര്‍ശന പവലിയനുമുണ്ട്.