
ഡൽഹി: മലേഷ്യയില്‍ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളാണ് ആനന്ദ കൃഷ്ണൻ. രാജ്യത്തെ സമ്പന്നരെ പട്ടികപ്പെടുത്തിയാല്‍ മൂന്നാമത് വരും അദ്ദേഹം.
സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചാണെങ്കില്‍ ഏതാണ്ട് 40,000 കോടിയുടെ സമ്പത്തിനുടമ.
അദ്ദേഹത്തിന്റെ ഒരേയൊരു മകനാണ് വെൻ അജാൻ സിരിപന്യോ. ഈ കണ്ട സമ്പത്തിന്റെയെല്ലാം ഉടമസ്ഥാവകാശം വന്നുചേരേണ്ട ഭാഗ്യവാൻ.
പക്ഷേ, ഈ അളവില്ലാത്ത സ്വത്ത് കണ്ടൊന്നും സിരിപന്യോയുടെ കണ്ണ് മഞ്ഞളിച്ചില്ല. തീർത്തും വ്യത്യസ്തമായ വഴിയിലൂടെയാണ് അദ്ദേഹത്തിന്റെ യാത്ര.
തായ്ലൻഡ്-മ്യാന്മർ അതിർത്തിയിലെ വനപ്രദേശത്ത് മഠാധിപതിയായി കഴിയുകയാണ് അദ്ദേഹം. 18-ാം വയസ്സില്‍ എടുത്ത തീരുമാനമാണത്. കഴിഞ്ഞ 20 വർഷത്തോളമായി ബുദ്ധസന്യാസിയായി വനങ്ങളിലും മറ്റുമാണ് സിരിപന്യോ കഴിഞ്ഞുവരുന്നത്. മകന്റെ തിരഞ്ഞെടുപ്പില്‍ കോടീശ്വരനായ പിതാവിന് ഒരു എതിർപ്പുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടുന്ന പിതാവും ഒരു ബുദ്ധമത വിശ്വാസിയാണെന്നാണ് റിപ്പോർട്ട്.
സിരിപന്യോയുടെ മാതാവ് തായ്ലൻഡിലെ ഒരു രാജകുടുംബാംഗമാണ്. സിരിപാന്‍യോ യുവാവായിരുന്നപ്പോള്‍ ഒരിക്കല്‍ അമ്മ വീട്ടിലേക്ക് വിരുന്നുപോയി. അന്ന് ഒരു ജിജ്ഞാസയുടെ പുറത്ത് സന്യാസജീവിതം പരിചയപ്പെടാനുള്ള ശ്രമം നടത്തി.
ആത്മീയ പരിശീലനത്തിലും ത്യാഗപൂർണമായ ജീവിതത്തിലും ആനന്ദം കണ്ടെത്തിയ അദ്ദേഹം തുടർന്നുള്ള ജീവിതം ആ വിധത്തില്‍ കഴിയാൻ തീരുമാനിക്കുകയായിരുന്നു.
ഇരുപത് വർഷമായി ആശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം പക്ഷേ, ഇടയ്ക്കിടെ വന്ന് കുടുംബത്തെ സന്ദർശിക്കും. എന്തെന്നാല്‍ ബുദ്ധമതത്തിന്റെ അനുശാസനങ്ങളിലൊന്നാണ്
കുടുംബവുമായുള്ള ബന്ധം നിലനിർത്തുക എന്നത്. അതിനാല്‍ ഇടയ്ക്കിടെ വന്ന് പിതാവിനെ കാണുകയും പഴയ ജീവിതശൈലി താത്കാലികമായി സ്വീകരിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.