
നവീകരണത്തിന് സൗജന്യമായി നിര്‍മാണ സാധനങ്ങള്‍ വാങ്ങിയ കടയുടമകളുടെ മൊഴി എടുത്തു ; തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ അഴിമതി ; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ
തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ അഴിമതിയെകുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. നവീകരണത്തിന് സൗജന്യമായി നിര്‍മാണ സാധനങ്ങള്‍ വാങ്ങിയ കടയുടമകളുടെ മൊഴി കഴിഞ്ഞ ദിവസം സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി രേഖപ്പെടുത്തി.
തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിതിയിലെ കക്കാട്, വെഞ്ചാലി, ചെമ്മാട്, തലപ്പാറ, കൊടിഞ്ഞി, കുന്നുംപുറം, മൂന്നിയൂര്‍, തിരൂരങ്ങാടി പ്രദേശങ്ങളിലെ കടയുടമകളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മുസ്‍ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയ പരാതിയാണ് അന്വേഷണം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസാഖിന്റെ മൊഴി സ്‌പെഷല്‍ ബ്രാഞ്ച് സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. റസാഖ് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം സംഘം അന്വേഷിക്കുന്നുണ്ട്.
മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 2021-22 വര്‍ഷത്തില്‍ നടന്ന തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ വലിയ അഴിമതി നടന്നുവെന്നാണ് യൂത്ത് ലീഗ് ആരോപണം.
തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കടകളില്‍നിന്നും സൗജന്യമായി ലഭിച്ച സാധന സാമഗ്രികള്‍ ഉപയോഗിച്ചാണ് സ്‌റ്റേഷന്‍ നവീകരണം നടന്നത്. കമ്ബി, ഷീറ്റ്, ഇരുമ്ബ് പൈപ്പ്, പാത്തി, ഫർണിച്ചറുകള്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍, ടൈല്‍സ്, സിമന്റ്, മെറ്റല്‍, കല്ല്, എം. സാൻഡ് എന്നിവയെല്ലാം സൗജന്യമായി ലഭിച്ചിട്ടുണ്ട്. പുറമെ അക്കാലത്ത് അനധികൃത മണല്‍ കടത്തിന് പിടിയിലായ വാഹനങ്ങളിലെ തൊണ്ടി മണലും നവീകരണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
മാത്രവുമല്ല കല്ല്, മണല്‍ മാഫിയകളില്‍ നിന്നും മറ്റും സഹായവും ഈ നവീകരണത്തിനായി സ്വീകരിച്ചിരുന്നു. എന്നിട്ടും ഈ നവീകരണത്തിന് സര്‍ക്കാറിന് 24 ലക്ഷത്തിലേറെ രൂപ ചെലവായെന്നാണ് വിവരാവകാശ രേഖ പറയുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.എച്ച്.സി.സി ലിമിറ്റഡാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. ഇത് സര്‍ക്കാറിനും പൊലീസിനും കീഴിലുള്ള ഏജന്‍സിയാണ്.
2021ല്‍ തന്നെ വിഷയത്തില്‍ അന്നത്തെ എസ്.പിയായി പുന്ന സുജിത്ത് ദാസിന് യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. സുജിത് ദാസ് എസ്.പി സ്ഥാനത്ത് നിന്നും മാറിയ ശേഷം യൂത്ത് ലീഗ് വീണ്ടും പരാതി നല്‍കുകയായിരുന്നു. മൊഴി നല്‍കിയ കടയുടമകളെല്ലാം സൗജന്യമായി നല്‍കിയ സാധനങ്ങളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.