
ഗാന്ധിനഗർ: വീട്ടിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം വലിയകാല കോളനി തടത്തിൽ പറമ്പിൽ വീട്ടിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി ഭാഗത്ത് ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര സൂര്യ കവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ രാഹുൽ കെ.കെ(21), പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (21), ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് കരിയമ്പുഴ വീട്ടിൽ ജിത്തു ജിനു ജോർജ് (21) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ച എംഡിഎംഎയുമായി ഇവരെ പിടികൂടുന്നത്.
ഇവിടെനിന്നും 7 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുക്കുകയും ചെയ്തു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ്, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐ മാരായ അനുരാജ് എം എച്ച്, സത്യൻ.എസ്, സി.പി.ഓ മാരായ പത്മകുമാർ, നവീൻ കിഷോർ മോഹൻ കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാദിർഷായ്ക്ക് ഗാന്ധിനഗർ, ഇൻഫോപാർക്ക്, പാമ്പാടി, മൂവാറ്റുപുഴ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും, രാഹുലിനും, ജിനു ജോർജിനും ഗാന്ധിനഗർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരെയും റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.