
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ 2021ന് അപേക്ഷിച്ച് 723 വോട്ടുകള്‍ കൂടുതല്‍ നേടാനായി എന്ന ആശ്വാസം മാത്രമാണ് എല്‍ഡിഎഫിന് ഉള്ളത്.
മന്ത്രി എം ബി രാജേഷും എ എ റഹീമും അടക്കമുള്ള നേതൃത്വം മെനഞ്ഞ തന്ത്രങ്ങള്‍ പൊട്ടിപ്പാളീസായി.
രാഹുല്‍ മാങ്കൂട്ടത്തിലിന് മാത്രമല്ല ഷാഫി പറമ്പിലിന് കൂടി തിരിച്ചടി നല്‍കുക എന്ന സിപിഎം തന്ത്രമാണ് ഫലം വന്നതോടെ പാളിയത്. കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് ഇത്തവണയും മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാനായില്ല. ഇത്തവണയും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒരു പഴയകാല സ്റ്റണ്ട് പടത്തെ ഓർമിപ്പിക്കുന്ന തിരക്കഥയായിരുന്നു ഈ പാലക്കാടൻ ഉപതെരഞ്ഞെടുപ്പ് കാലം. തെരഞ്ഞെടുപ്പ് അടുത്തിട്ടും ശക്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയാണ് കോണ്‍ഗ്രസില്‍ നിന്ന് നിരാശനായി എത്തിയ പി സരിൻ വാതിലില്‍ മുട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റ് മോഹിച്ചു വന്ന ആള്‍ എന്ന പ്രചാരണം തുടക്കം മുതല്‍ സരിനെതിരെ ഉണ്ടായി. എന്നാല്‍, സരിൻ നിഷ്പക്ഷ വോട്ടുകള്‍ കൊണ്ടുവരുമെന്ന കണക്കുകൂട്ടലുകള്‍ പാളി.
പുതുതായ ചേർത്ത ബോട്ടുകള്‍ കൂടി കണക്കുകൂട്ടുമ്പോള്‍ നിസാരമായ വോട്ട് വർധന മാത്രമാണ് ഇടതുപക്ഷത്തിന് ഉണ്ടായത്.
പിന്നീട് കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ഒട്ടേറെ പേരെ മറുകണ്ടം ചാടിച്ച് സരിൻ സ്വന്തം പാളയത്തില്‍ എത്തിച്ചു. എന്നാല്‍, അതും വോട്ടായില്ല. നീലപ്പെട്ടി, പാതിരാ റെയ്ഡ് എന്നിങ്ങനെ പലവിധ നാടകങ്ങളും ഇതിനിടെ അരങ്ങേറി. കൃഷ്ണദാസിനെ പോലുള്ള നേതാക്കള്‍ ആ നാടകത്തെ തള്ളിപ്പറഞ്ഞത് സ്വന്തം പാർട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.
ഏറ്റവും ഒടുവില്‍ സന്ദീപ് വാര്യരുടെ വരവു മുൻനിർത്തി രണ്ടു മുസ്ലിം പത്രങ്ങളില്‍ പരസ്യം നല്‍കി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാൻ ശ്രമിച്ചതും പാഴായി. ചുരുക്കത്തില്‍ എല്ലാ അടവുകളും പാളി.
രണ്ടാം സ്ഥാനത്ത് എങ്കിലും എത്തുക എന്നുള്ള മോഹം നടന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ എല്ലാ ആശിർവാദത്തോടെയും കൂടി മന്ത്രി എം ബി രാജേഷ് ആണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. രാജേഷിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് ഏറ്റ പരാജയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.