
തിരുവനന്തപുരം: ഇനിമുതൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഒന്നു കരുതിയിരിക്കണം. താൽക്കാലികമായി നിർത്തി വച്ചിരുന്ന എഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. ഇനിമുതൽ മോട്ടോർ വാഹന വകുപ്പിന്റെ മെസ്സേജുകൾ നിങ്ങളുടെ ഫോണിലും വരും.
ക്യമാറകൾ പണിതുടങ്ങി കഴിഞ്ഞു. കെല്‍ട്രോണിന് മോട്ടോർ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശിക തീർത്തു. പല വാഹനയാത്രക്കാർക്കും ഇതിനോടകം പിഴകൾ അടക്കാനുള്ള സന്ദേശങ്ങൾ കിട്ടിതുടങ്ങി. ഇടഞ്ഞു നിന്നിരുന്ന കെല്‍ട്രോണിനെ അനുനയിപ്പിച്ച് അവർക്ക് നാളിതുവരെ നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും എഐ ക്യാമറകള്‍ പൂർവ്വാധികം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും തുടങ്ങിയത്.
പിഴകള്‍ ഏഴുദിവസത്തിനകം ഒടുക്കി ഇല്ലെങ്കില്‍ കോടതിക്കു കൈമാറും എന്ന മുന്നറിയിപ്പും ഇതോടൊപ്പം വരുന്നുണ്ട്. സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി മഞ്ഞവര, സീബ്രാലൈൻ എന്നിവ കടക്കുകയും തെറ്റിക്കുകയും ചെയ്യുന്നവർക്ക് വരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള മെസേജുകളാണ് ഇപ്പോള്‍ വന്നുതുടങ്ങിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഗ്നലില്‍ യെല്ലോ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനില്‍ വാഹനം കയറ്റി നിർത്തിയതിനുമൊക്കെ 3,000 രൂപ പിഴ ചുമത്തിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകള്‍ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയായിരുന്നു പലരുടേയും യാത്ര, ഈ കാലയളവില്‍ ഗതാഗത നിയമലംഘനങ്ങളും മുമ്പത്തേക്കാള്‍ അധികമായി ഏറിയിരുന്നു. ക്യാമറകള്‍ ഒന്നും പകർത്തുന്നില്ല എന്ന ധൈര്യത്തിലായിരുന്നു പലരുടേയും പോക്കും വരവും.
കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ എല്ലാം കാരണം എഐ ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.
എന്നാല്‍, കഴിഞ്ഞയാഴ്ച മുതല്‍ പെട്ടെന്ന് ഒരു ട്വിസ്റ്റായി പിഴ ഈടാക്കിക്കൊണ്ടുള്ള മെസേജുകള്‍ മൊബൈല്‍ഫോണുകളില്‍ വന്നു തുടങ്ങിയപ്പോള്‍ മുതലാണ് ഇവ വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. കോടതിയിലും സ്റ്റേഷനിലും ഒന്നും പോവാതെ എസ്എംഎസ് (SMS) ആയി ഇൻബോക്സിലേക്ക് വരുന്നന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തില്‍ ചെലാൻ നമ്പർ ടൈപ്പ് ചെയ്താല്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം.
നിരീക്ഷണങ്ങള്‍ എല്ലാം കർശനമായിരിക്കും. കൂടാതെ സർക്കാർ നല്കിയ തുക പിഴയിനത്തില്‍ വസൂലാക്കാനും നീക്കമുണ്ടാവും. തലസ്ഥാനത്ത് സ്മാർട്ട്സിറ്റി റോഡ് പണിയുടെ ഭാഗമായി പലയിടത്തും വണ്‍വേ സംവിധാനങ്ങള്‍ ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകള്‍ മായ്ഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീവെട്ടികൊള്ള യാണ് നടക്കുന്നത്. റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ക്യാമറകള്‍ പ്രവർത്തിപ്പിച്ച് അനാവശ്യ പിഴകള്‍ മോട്ടോർ വാഹന വകുപ്പ് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതി ഉയർത്തുന്നുണ്ട്. എന്നാല്‍ ഇതിനു മറുപടി ഒന്നും തന്നെ അധികൃതരില്‍ നിന്നോ സർക്കാരില്‍ നിന്നോ വന്നിട്ടില്ല.