
സ്വന്തം ലേഖകൻ
മുപ്പത്തിനാല് വർഷം മുൻപ് തൊണ്ടിമുതല്‍ മാറ്റിയ കേസിലാണ് മുൻമന്ത്രിയും എല്‍ഡിഎഫ് എംഎല്‍എയുമായ ആന്റണി രാജുവിനോട് സുപ്രിം കോടതി വിചാരണനേരിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നരപതിറ്റാണ്ട് മുൻപത്തെ കുറ്റകൃത്യം പുറംലോകത്തെയറിയിച്ചത് ആസ്ത്രേലിയൻ ജയിലില്‍ നിന്ന് ചോർന്ന രഹസ്യവിവരമാണ്.
1990 ഏപ്രില്‍ നാലിനാണ് ആസ്ത്രേലിയക്കാരൻ ആൻഡ്രൂ സാല്‍വദോർ തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് വിമാനം കയറാനെത്തുന്നത്. അടിവസ്ത്രത്തില്‍ 61.6 ഗ്രാം ഹഷീഷ് ഒളിപ്പിച്ചെത്തിയ ആൻഡ്രൂ കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. കേസും നിയമനടപടികളും ആരംഭിച്ചതോടെ ആൻഡ്രൂവിനുവേണ്ടി അഭിഭാഷകയായ ലിൻ വില്‍ഫ്രഡിന്റെ ജൂനിയറായിരുന്ന അഭിഭാഷകൻ ആന്റണി രാജു ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് കസ്റ്റഡിയിലെടുത്ത ആൻഡ്രൂവിന്റെ വസ്തുവകകള്‍ തിരിച്ചുകൊടുക്കാനുള്ള ഉത്തരവിന്റെ മറവില്‍ കേസിലെ പ്രധാന തെളിവായ അടിവസ്ത്രവും കോടതി ജീവനക്കാരൻ ആന്റണി രാജുവിന് കൈമാറി. പകരം ചെറിയ അടിവസ്ത്രം ആന്റണി രാജു തിരികെ നല്‍കി, അത് കോടതി ജീവനക്കാരൻ തൊണ്ടിമുതലിനൊപ്പം വെച്ചു.
വിചാരണകള്‍ക്കൊടുവില്‍ സെഷൻസ് കോടതി ആൻഡ്രുവിന് 10 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചു. എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് പറഞ്ഞ് 1991 ഫെബ്രുവരി അഞ്ചിന് ഹൈകോടതി കുറ്റവാളിയെ വെറുതെവിട്ടു. പ്രതിയെ അടിവസ്ത്രം ധരിപ്പിച്ച് നോക്കിയ ശേഷമാണ് കോടതി വെറുതെ വിട്ടത്. ഇതിന് പിന്നാലെ പ്രതി രാജ്യം വിട്ടു.
എന്നാല്‍ തെളിവ് നശിപ്പിച്ചതാകാമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി വിജിലൻസ് ഓഫിസറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. യഥാർഥ അടിവസ്ത്രം കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ ജൂനിയർ അഭിഭാഷകൻ ആന്റണി രാജു എടുത്തുമാറ്റിയെന്നും കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ശിരസ്താദർ പരാതി നല്‍കി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഒന്നാം പ്രതി കോടതി ക്ലർക്ക് ജോസിനും രണ്ടാം പ്രതി ആന്റണി രാജുവിനുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം 2006 മാർച്ച് 24ന് കുറ്റപത്രം സമർപ്പിച്ചു.
വിചാരണയുമായി നെടുമങ്ങാട് കോടതി മുന്നോട്ട് പോവുകയും കുറ്റം ചുമത്തുകയും ചെയ്തപ്പോള്‍ ഇരുവരും 2022ല്‍ കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചു. ആന്റണി രാജു ഉയർത്തിയ സാങ്കേതിക തടസ്സവാദങ്ങള്‍ അംഗീകരിച്ച് സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി തടഞ്ഞ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു.
അതിനിടയില്‍ കേസില്‍ നിന്ന് രക്ഷപ്പെട്ട് ആസ്ത്രേലിയിലേക്ക് കടന്ന ആൻഡ്രൂ അവിടെ ഒരു കൊലക്കേസില്‍ പ്രതിയായി തടവില്‍ കഴിയുകയായിരുന്നു. ജയിലിലിരുന്ന് കുറ്റകൃത്യപരമ്ബരകള്‍ സഹപ്രവർത്തകരോട് തള്ളുന്നതിനിടയില്‍ തൊണ്ടിമുതല്‍ മാറ്റി കേരളത്തില്‍ നിന്ന് കേസില്‍നിന്ന് രക്ഷപ്പെട്ട കഥയും പറഞ്ഞു. സഹതടവുകാരനില്‍നിന്ന് ഈ വിവരം ആസ്ത്രേലിയൻ അന്വേഷണസംഘം അറിഞ്ഞു.
അവർ ഇന്റർപോള്‍ യുനിറ്റിനും അവർ സിബിഐക്കും മൊഴിരേഖപ്പെടുത്തി അയച്ചു. സിബിഐ ആ വിവരം കേരള പൊലീസിനും കൈമാറി. തുടർന്ന് കേസില്‍ കൃത്രിമം നടന്നെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതി വിജിലൻസിനും പരാതി നല്‍കിയിരുന്നു.എന്നാല്‍ ആന്റണി രാജുവിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലെ വിചാരണ നടപടി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അജയനെന്ന വ്യക്തിയും പുനരന്വേഷണത്തിനുള്ള ഹൈകോടതി നിർദേശത്തിനെതിരെ ആന്റണി രാജുവും അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
ഇതിലാണ് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീം കോടതി വിധിച്ചത്. വലിയവാർത്തയായ സംഭവം 1991 ല്‍ പുറത്തിറങ്ങിയ ആനവാല്‍ മോതിരം സിനിമയില്‍ സമാനമായ രംഗം ആവിഷ്‌കരിച്ചിരുന്നു.