ഡിവൈ.എസ്.പി മാര്‍ക്കും എസ്.എച്ച്.ഒമാര്‍ക്കും ഇനി ‘പൊലിസ് ഡ്രൈവറെ’ തീരുമാനിക്കാം; ജില്ലാ പൊലിസ് മേധാവിമാർക്ക് മാത്രമുണ്ടായിരുന്ന അധികാരമാണ് വിപുലപ്പെടുത്തിയത്; ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുൻനിർത്തി കർശന നിബന്ധനകളോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
തിരുവനന്തപുരം : പൊലിസ് ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്ട്മെന്റിലെ മോട്ടോർ വാഹനങ്ങള്‍ ഓടിക്കുന്നതിന് ഓതറൈസേഷൻ നല്‍കാനുള്ള അധികാരം ഇനി ഡിവൈ.എസ്.പി മാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും കൂടി.
ജില്ലാ പൊലിസ് മേധാവിമാർക്ക് മാത്രമുണ്ടായിരുന്ന അധികാരമാണ് വിപുലപ്പെടുത്തിയത്. ഇതുസംബന്ധിച്ചുള്ള സർക്കുലർ എ.ഡി.ജി.പി എസ്. ശ്രീജിത്ത് പുറപ്പെടുവിച്ചു. ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുൻനിർത്തി കർശന നിബന്ധനകളോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബറ്റാലിയനുകളില്‍ കമാൻഡൻ്റുമാർക്ക് പുറമെ ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും സ്പെഷല്‍ യൂനിറ്റുകളില്‍ മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർക്കും ഡ്രൈവിങ് ഓതറൈസേഷൻ കൊടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലിസ് ഡ്രൈവർ തസ്തികയില്‍ പി.എസ്.സി നിയമനം നടക്കാത്തതിനാല്‍ ഡിപ്പാർട്ട്മെൻ്റിലെ വാഹനങ്ങള്‍ ഒാടിക്കാൻ ആളില്ലാത്ത അവസ്ഥയാണ് കാലങ്ങളായി. ഇതോടെ പൊലിസ് ഉദ്യോഗസ്ഥർ തന്നെ ഡ്രൈവറുടെ ജോലിയും ഏറ്റെടുക്കേണ്ട സ്ഥിതിവന്നു. ഇത് വാഹനങ്ങളുടെ ദുരുപയോഗത്തിലേക്ക് വരെ നയിച്ചതോടെയാണ് ഓതറൈസേഷൻ ഉള്ളവർ മാത്രം വാഹനം കൈകാര്യം ചെയ്താല്‍ മതിയെന്ന വ്യവസ്ഥ കൊണ്ടുവന്നത്.
എന്നാല്‍ എല്ലായ്പ്പോഴും ജില്ലാ പൊലിസ് മേധാവിയില്‍ നിന്ന് അനുമതി നേടുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഡിവൈ.എസ്.പി മാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഓതറൈസേഷൻ നല്‍കാമെന്ന് വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
ഡ്രൈവിങ് പ്രാവീണ്യം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഓതറൈസേഷൻ അനുവദിക്കാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ഓതറൈസ്ഡ് ഡ്രൈവർമാരെ പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടി വരുന്ന പക്ഷം, യൂനിറ്റ് മേധാവി ആതാത് മോട്ടോർ ട്രാൻസ്പോർട്ട് വിങ് ഡിവൈ.എസ്.പി മാരെ കൊണ്ട് അവരുടെ ഡ്രൈവിങ് പ്രാവീണ്യം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഏഴുദിവസത്തെ വി.വി.ഐ.പി ഡ്രൈവിങ് പരിശീലനം നല്‍കണം.
ഒരു യൂനിറ്റില്‍ നിന്നും അനുവദിച്ചിട്ടുള്ള ഓതറൈസേഷൻ പ്രകാരം ആ യൂനിറ്റിലെ വാഹനം ഓടിക്കുന്നതിന് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ.
ഡ്രൈവറാകുന്ന ഉദ്യോഗസ്ഥരുടെ പ്രത്യേകം ഐ ടെസ്റ്റ് രജിസ്റ്ററും സൂക്ഷിക്കണം. ഓതറൈസേഷൻ ഉള്ളവർ മാത്രമേ വകുപ്പ് വാഹനങ്ങള്‍ ഓടിക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും വേണം. ഓരോ പൊലിസ് സ്റ്റേഷനിലും ഓതറൈസ്ഡ് ഡ്രൈവർമാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ഹോം ഗാർഡുമാരെ ഒരു കാരണവശാലും ഡ്രൈവർമാരായി നിയോഗിക്കാൻ പാടില്ലെന്നും എ.ഡി.ജി.പി യുടെ ഉത്തരവില്‍ പറയുന്നു.