നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: കുടുംബം ദുരൂഹത ആരോപിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; സംഭവ ദിവസവും ക്ലാസിൽ മൂന്ന് സഹപാഠികളുമായി വഴക്കുണ്ടായി; ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്ന് ഹോസ്റ്റൽ വാർഡൻ; മൂന്ന് സഹപാഠികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും; പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുക്കും
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മൂന്ന് സഹപാഠികളെ വിശദമായി ചോദ്യം ചെയ്യും. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി കുടുംബം ആരോപിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. അമ്മുവിൻ്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റൽ മുറിയിലും നിരന്തരം മൂവർ സംഘം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയതും മൂവർ സംഘം എതിർത്തു. ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.
ആരോപണം നേരിടുന്ന മൂന്നു വിദ്യാർഥിനികളെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിൻറെ അച്ഛൻ, പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിലെ തുടർ നടപടി അറിയാൻ ഇന്ന് കോളേജിൽ എത്തി പോലീസ് സംഘം പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുക്കും. അമ്മുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മു ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിൻ്റെ നിഗമനം. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.