
കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കലിക്കറ്റ് പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരായ കേസാണ് റദ്ദാക്കിയത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
വഖഫ് ബോര്‍ഡിന്റെ പരാതിയനുസരിച്ചാണ് പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് രജിസ്റ്റർ ചെയ്തത്. 1999 ൽ പ്രവർത്തനമാരംഭിച്ചതോണ് പോസ്റ്റ് ഓഫീസ്.
ഇത് വഖഫ് ഭൂമിയിലാണെന്നാണ് കേസ്. 2013 ലാണ് വഖഫ് ഭേദഗതി നിയമം നിലവിൽ വന്നത്. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റൽ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് കോടതിയിൽ കേസിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ പ്രതിചേർക്കപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽ വന്ന കാലവും പോസ്റ്റൽ ഓഫീസ് സ്ഥാപിക്കപ്പെട്ട കാലവും തമ്മിലെ അന്തരം പരിഗണിച്ചാണ് നടപടി.
2023 ൽ സുപ്രീം കോടതി സമാന സ്വഭാവമുള്ള കേസിൻ്റെ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആ ഉത്തരവ് കൂടി പരിഗണിച്ചാണ് വഖഫ് ഭൂമിയിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.