കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അജ്മലിന് ജാമ്യം; ഹൈക്കോടതിയാണ് ജാമ്യം നൽകിയത്; ജാമ്യം ലഭിക്കുന്നത് 59 ദിവസത്തിനു ശേഷം; രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു

Spread the love

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്‌മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്.

59 ദിവസത്തിന് ശേഷമാണ് കേസിൽ അജ്മലിന് ജാമ്യം ലഭിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തൻ്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു ശ്രീക്കുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

തിരുവോണ ദിവസം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് സ്കൂട്ടറിന് പുറകിൽ ഇരുന്ന കുഞ്ഞുമോൾ റോഡിൽ വീഴുന്നത്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ ഡ്രൈവറായ അജ്‌മൽ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ പിന്തുടർന്നെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടിയത്. KL Q 23 9347 നമ്പരിലുള്ള കാറിലായിരുന്നു ശ്രീകുട്ടിയും അജ്മലും യാത്രചെയ്തിരുന്നത്.

അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇരുവര്‍ക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. അജ്മല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് തെളിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു.