വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം; ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺഗ്രസ്
കൽപറ്റ: വാവര് സ്വാമിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ പരാതിയുമായി കോൺഗ്രസ്. വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം.
‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന് 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’, എന്നായിരുന്നു പ്രസംഗം.
ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം പങ്കെടുത്ത പരിപാടിയിൽ കേന്ദ്ര മന്ത്രി എത്തുന്നതിന് മുമ്പായിരുന്നു സംസ്ഥാന ഉപാധ്യക്ഷന്റെ പരാമർശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരേയും കഴിഞ്ഞദിവസം കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു.
വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്ഗോപി പറഞ്ഞത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെയായിരുന്നു സുരേഷ്ഗോപിയുടെയും പരാമര്‍ശം.