ഇടുക്കി പള്ളിക്കുന്നിലെ യുവാവിന്റെ കൊലപാതകം ; അമ്മയും സഹോദരങ്ങളും അറസ്റ്റിൽ ; കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ; കൊലപാതകത്തിന് പിന്നിൽ വീട്ടുകാർ തമ്മിലുണ്ടായ സംഘർഷം
സ്വന്തം ലേഖകൻ
ഇടുക്കി : തൂങ്ങി മരണമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പള്ളിക്കുന്ന് വുഡ് ലാൻസിലെ യുവാവിന്റെ കൊലപാതകത്തിൽ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ. കുട്ടിക്കാനത്തിനു സമീപം വുഡ് ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിന്റെ മകന് ബിബിന്‍ ബാബു (29)വാണ് ചൊവ്വാഴ്ച്ച മരിച്ചത്. ഇയാളുടെ അമ്മ പ്രേമ (50), സഹോദരന് വിനോദ് (25), സഹോദരി ബിനിത (26) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൃത്യം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ചിലരും നിരീക്ഷണത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം. മദ്യലഹരിയിൽ കൊല്ലപ്പെട്ട ബിബിൻ ബാബുവും വീട്ടുകാരും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ബന്ധുക്കളാണ് ബിബിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയിലും പോസ്റ്റ് മോര്‍ട്ടത്തിലും ബിബിന്‍ തൂങ്ങി മരിച്ചതല്ലെന്ന് കണ്ടെത്തി. ശരീരത്തില്‍ മാരകമായ പരുക്കേറ്റിട്ടുള്ളതായും കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
തമിഴ്നാട്ടില്‍ ഡ്രൈവറായിരുന്ന ബിബിന്‍ സഹോദരിയുടെ കുട്ടിയുടെ പിറന്നാല്‍ ആഘോഷത്തിനും ദീപാവലി ആഘോഷത്തിനുമായിട്ടാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച്ച പിറന്നാല്‍ ആഘോഷത്തിനായി എത്തിയ ബിബിന്‍ മദ്യ ലഹരിയിലായിരുന്നു.
തുടര്‍ന്ന് അമ്മയും സഹോദരനും സഹോദരിയുമായി ഇയാള്‍ തര്‍ക്കത്തിലായി. വഴക്കിനിടെ അമ്മയെ ബിബിന്‍ മര്‍ദ്ദിച്ചു. ഇത് കണ്ട സഹേദരി വീട്ടിലിരുന്ന ഫ്ളാസ്ക്കെടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ മര്‍ദനത്തില്‍ ജനനേന്ദ്രിയത്തിനും പരുക്കേറ്റു.
ഇയാള്‍ മരണപ്പെട്ടെന്ന സംശയമുണ്ടായതോടെ ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് കൊലപാതക വിവരം സമ്മതിച്ചത്. പരസ്പരം മൊഴികൾ മാറ്റി പറഞ്ഞ് പൊലീസിനെ തെറ്റിധരിപ്പിക്കാനും പ്രതികൾ ശ്രമം നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി