നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല ; ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം ; പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം ; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക് ; തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ
സ്വന്തം ലേഖകൻ
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്.
അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖമുണ്ടെന്നാണ് പി പി ദിവ്യ ഇന്നലെ പ്രതികരിച്ചത്. ഉദ്യോഗസ്ഥരോട് സദുദ്ദേശത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും പി പി ദിവ്യ ആവര്‍ത്തിച്ചു. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും പി പി ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി പി ദിവ്യ.