ആത്മഹത്യ ചെയ്ത യുവതി സുഹൃത്തുമായി സംസാരിച്ച വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകി; സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; മോഷണക്കേസിലെ പ്രതിയുടെ ഫോൺവിളി വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, യുവതിയുടെ സുഹൃത്തിന്റെ നമ്പറും എഴുതിച്ചേർക്കുകയായിരുന്നു
തിരുവനന്തപുരം: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഫോണ്‍ കോള്‍ വിവരം ചോര്‍ത്തി കൊടുത്ത സംഭവത്തില്‍ പൊലീസുകാരന് എതിരെ വകുപ്പ് തല നടപടി.
പൂന്തുറ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് റൈറ്റര്‍ നവീന്‍ മുഹമ്മദിനെയാണ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റില്‍ വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതി തൂങ്ങി മരിച്ച സംഭവമാണ് കേസിന് ആധാരം. ഭര്‍ത്താവിന് എതിരെ യുവതി കുറിപ്പും എഴുതിവച്ചിരുന്നു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ആത്മഹത്യയില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചു ഭര്‍ത്താവ് രംഗത്തുവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ ആരോപണത്തില്‍, യുവാവിനെതിരെ പൊലീസ് കേസ് എടുക്കാതായതോടെ ഭര്‍ത്താവ് യുവാവിന്റെ ഫോണ്‍വിളി വിവരങ്ങള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരോട് തട്ടിക്കയറാന്‍ തുടങ്ങി. ഒടുവില്‍ സംശയം തോന്നി വട്ടിയൂര്‍ക്കാവ് പൊലീസ് യുവാവിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കാനായി സൈബര്‍ സെല്ലിന് നമ്ബര്‍ കൈമാറിയപ്പോഴാണ് ഈ നമ്ബര്‍ വിഗ്രഹ മോഷണക്കേസുമായി ബന്ധപ്പെട്ട് പൂന്തുറ പൊലീസ് നല്കി കോള്‍ ലിസ്റ്റ് എടുത്ത കാര്യം അറിയുന്നത്.
മോഷണക്കേസില്‍ ഈ യുവാവിന് ബന്ധമില്ലെന്നും നമ്ബര്‍ എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ സംശയം കൂടി. പിന്നീട്, ഭര്‍ത്താവും സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും അടുത്ത സുഹൃത്തുക്കളാണെന്നു കണ്ടെത്തുക കൂടി ചെയ്തതോടെ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വിഗ്രഹ മോഷണക്കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ കോള്‍ ലിസ്റ്റ് എടുക്കാന്‍ സൈബര്‍ സെല്ലിന് കൈമാറിയ പട്ടികയില്‍ തിരിമറി നടത്തി കോള്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു എന്നാണ് സൂചന. ഭര്‍ത്താവിന്റെ സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് നവീന്‍ യുവാവിന്റെ ഫോണ്‍നമ്ബര്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു.
ഓഗസ്റ്റ് 7ന് എസ്എച്ച്ഒ അവധിയെടുത്ത ദിവസം നോക്കിയാണ് ഫയല്‍ നീക്കിയത്. പുതുതായി ചാര്‍ജ് എടുത്ത എസ്ഐയെ കബളിപ്പിച്ച് പ്രഫോമയും സ്റ്റേഷന്റെ ചാര്‍ജ് ഉണ്ടായിരുന്ന എസ്ഐക്കു മുന്പില് ധൃതി കാണിച്ച് റെക്കമന്‍ഡ് ഫോമും ഒപ്പിട്ടു വാങ്ങി കമ്മിഷണര്‍ ഓഫിസിലേക്ക് അയച്ചു. സൈബര്‍ സെല്ലില്‍ നിന്നു സ്റ്റേഷനില്‍ എത്തിയ കോള്‍ ലിസ്റ്റിന്റെ പകര്‍പ്പ് യുവതിയുടെ ഭര്‍ത്താവിന് അസി.റൈറ്റര്‍ കൈമാറുകയും ചെയ്തു.
അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവും നവീനുമായുള്ള ബന്ധം കണ്ടെത്തി. പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
മോഷണക്കേസിലെ പ്രതിയുടെ ഫോണ്‍ വിളി വിവരങ്ങള്‍ ആവശ്യപ്പെട്ട് സൈബര്‍ സെല്ലിലേക്ക് പൂന്തുറ സ്റ്റേഷനില്‍ നിന്നു നല്കിയ അപേക്ഷയില്‍ യുവതിയുടെ സുഹൃത്തിന്റെ നമ്ബറും എഴുതിച്ചേര്‍ത്താണ് കോളുകള്‍ ചോര്‍ത്തിയത്. ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് നവീന്‍ കൃത്രിമം കാട്ടിയതെന്ന് അന്വേഷണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുഹൃത്തിനെ സഹായിക്കാനാണു കോള്‍ ലിസ്റ്റ് ചോര്‍ത്തിയതെന്നും അസി.റൈറ്റര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സ്പെഷല്‍ ബ്രാഞ്ചും ഡിസിആര്‍ബി അസി.കമ്മിഷണറും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ഫോണ്‍ നമ്ബര്‍ എഴുതുമ്ബോള്‍ ഉണ്ടായ പിഴവെന്ന വാദം വിലപ്പോയില്ല
ജൂണ്‍ 24നാണ് പൂന്തുറ ഉച്ചമാടന്‍ ദേവീക്ഷേത്രത്തില്‍ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള പഞ്ചലോഹവിഗ്രഹം മോഷണം പോയത്. മുന്‍ പൂജാരിയെ സംശയിച്ചു ക്ഷേത്ര സെക്രട്ടറി നല്കിയ പരാതിയില്‍ അന്വഷണം നടത്തിയെങ്കിലും പൂജാരിയുടെ ടവര്‍ ലൊക്കേഷന്‍ മോഷണദിവസം സംഭവസ്ഥലത്തെ പരിധിയില്‍ ഇല്ലെന്നു കണ്ടെത്തി. എന്നാല്‍ ഇതിനു രണ്ടു ദിവസം മുന്‍പ് പൂജാരി പൂന്തുറയില്‍ എത്തിയിരുന്നതായി വ്യക്തമായി.
തുടര്‍ന്നു പൂജാരിയുടെ ഫോണ്‍ വിളികളുടെ ലിസ്റ്റ് എടുക്കാനായി സൈബര്‍ സെല്ലിന് അപേക്ഷ നല്കി. ഇതിലാണ് വട്ടിയൂര്‍ക്കാവില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ നമ്ബര്‍ തിരുകിക്കയറ്റിയത്. സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പൂന്തുറ പൊലീസിന്റെ നീക്കമെന്നാണ് ആരോപണം. ഫോണ്‍ നമ്ബര്‍ എഴുതുമ്ബോള്‍ സംഭവിച്ച പിഴവാണെന്നാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇതുശരിയല്ലെന്ന് തെളിഞ്ഞു.