മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനാണെന്ന് സംശയമെന്ന് റഹിം; ഒരർഥവുമില്ലാത്ത, ഒരടിസ്ഥാനവുമില്ലാത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളോട് മറുപടി പറയേണ്ട ആവശ്യമില്ല ;റഹീമിന്റെ സംസ്കാരമല്ല തന്റേതെന്ന് ഷാനിമോൾ
സ്വന്തം ലേഖകൻ
പാലക്കാട്: എന്ത് കണ്ടെത്താനാണ് മുറിയിൽ കയറി പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയണമെന്ന് ഷാനിമോൾ ഉസ്മാൻ. ഐഡി കാർഡ് കാണിക്കാൻ പോലും പരിശോധനയ്ക്ക് എത്തിയവർ തയാറായില്ലെന്ന് ഷാനിമോൾ പറഞ്ഞു. ഇങ്ങനെയാണോ ഒരു സ്ത്രീയുടെ മുറിയിലേക്ക് എത്തേണ്ടതെന്ന് ഷാനിമോൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ഷാനിമോൾ ഉസ്മാന്റെ മുറിയിലേക്ക് എത്തുമ്പോഴാണ് പരിശോധന പൂർണമായും തടസപ്പെടുന്നതെന്ന് എഎ റഹിം എംപി പ്രതികരിച്ചു. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയില്‍ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ല. ഷാനിമോള്‍ ഉസ്മാന്റെ മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനാണെന്ന് സംശയമുണ്ടെന്നും റഹീം പറഞ്ഞു. ഇതിൽ അന്വേഷണം വേണമെന്നും റഹിം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാനിമോൾ ഉസ്മാന്റെ വാക്കുകൾ
‘നിയമത്തിന് വിധേയരായാണ് തങ്ങൾ നിൽക്കുന്നത്. എന്റെ മുറിയിൽ കയറണമെങ്കിൽ ഐഡന്റിറ്റി കാർഡ് കാണിക്കണമെന്ന് പറഞ്ഞു. മഫ്തിയിലും പൊലീസെത്തിയിരുന്നു. കുറച്ചു നേരത്തിന് ശേഷം ഒരു വനിത പൊലീസ് വന്നു. അവർ അകത്തേക്ക് കയറി. പിന്നെ വിമാനത്താവളത്തിലെ പോലെ അവർ എന്റെ ശരീരം പരിശോധിച്ചു. ഇതിനകത്തുള്ള മുഴുവൻ സാധനങ്ങളും അവരെടുത്തു പരിശോധിച്ചു. ഞാൻ അനങ്ങിയില്ല. കിടക്കയെല്ലാം മറിച്ചിട്ട് നോക്കി, ടോയ്ലറ്റിലും പരിശോധന നടത്തി.
ഈ പെട്ടി എങ്ങനെയാണ് കൊണ്ടുവന്നതെന്ന് ചോദിച്ചു. കാളവണ്ടിയിലാണെന്ന് ഞാൻ മറുപടി പറഞ്ഞു. അവർ പോകാൻ നേരം ഞാൻ പറഞ്ഞു, നിങ്ങളെ പോകാൻ ഞാൻ അനുവദിക്കത്തില്ല. ഇതിനകത്ത് നിങ്ങൾ എന്തിന് കയറി, എന്ത് കണ്ടു, എന്ത് കിട്ടി അത് രേഖാമൂലം എഴുതിത്തരാതെ പോകാൻ അനുവദിക്കില്ല എന്ന് പറഞ്ഞു. അവർ പോകാൻ നേരം ഞങ്ങൾ തടസം സൃഷ്ടിച്ചു എന്ന് പറയുന്നത് നേരാണ്. ഏത് ഉദ്യോഗസ്ഥരെ വിളിച്ചാലും രേഖാമൂലം എഴുതി കിട്ടാതെ ഈ മുറിയിൽ നിന്ന് പോകാനാകില്ലെന്ന് തീർത്ത് പറഞ്ഞു.
അപ്പോൾ ഇവിടെ വലിയ ബഹളമായി, അവർ എഴുതി തരാമെന്ന് പറഞ്ഞു. എഎ റഹിം ചോദിക്കുന്നത്, കതകിൽ മുട്ടിയപ്പോൾ എന്താണ് തുറക്കാഞ്ഞത് എന്നാണ്. എഎ റഹിമിന്റെ സംസ്കാരമല്ല എനിക്കുള്ളത്. എന്റെ മുറി എപ്പോൾ തുറക്കണം അല്ലെങ്കിൽ ആരെ ഞാൻ കാണണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്നെ സംബന്ധിച്ച് മറ്റാരോപണങ്ങളോടൊന്നും ഞാൻ മറുപടി പറയുന്നില്ല.
ഒരർഥവുമില്ലാത്ത, ഒരടിസ്ഥാനവുമില്ലാത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളോട് മറുപടി പറയേണ്ട ആവശ്യം എനിക്കില്ല’- ഷാനിമോൾ ഉസ്മാൻ പറഞ്ഞു. 12 മണിയോടെയാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന മുറിയിൽ പൊലീസ് പരിശോധനയ്ക്കായി എത്തിയത്.