play-sharp-fill
നേരേ ചൊവ്വേ പരീക്ഷ നടത്തിപ്പിനു പോലും പറ്റില്ലെങ്കിലും പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങളുടെ ശമ്പളവര്‍ദ്ധന വേണം; ചെയര്‍മാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും നല്‍കണമെന്ന ആവശ്യം കൈയ്യോടെ തള്ളി സര്‍ക്കാര്‍; പി.എസ്.സി അംഗമായാല്‍ ജീവിതം രക്ഷപെട്ടു

നേരേ ചൊവ്വേ പരീക്ഷ നടത്തിപ്പിനു പോലും പറ്റില്ലെങ്കിലും പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങളുടെ ശമ്പളവര്‍ദ്ധന വേണം; ചെയര്‍മാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും നല്‍കണമെന്ന ആവശ്യം കൈയ്യോടെ തള്ളി സര്‍ക്കാര്‍; പി.എസ്.സി അംഗമായാല്‍ ജീവിതം രക്ഷപെട്ടു

തിരുവനന്തപുരം: ചോദ്യങ്ങള്‍ കോപ്പിയടിച്ചും തെറ്റായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ നടത്തിയും ഉദ്യോഗാർത്ഥികളെ വെല്ലുവിളിക്കുന്ന പി.എസ്.സിയില്‍ ചെയർമാനും അംഗങ്ങള്‍ക്കും ലക്ഷങ്ങളുടെ ശമ്പളവർദ്ധനവ് നല്‍കണമെന്ന ആവശ്യം സർക്കാർ തള്ളി.
ഖജനാവിന് വമ്പൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായിരുന്നു ഈ നിർദ്ദേശം. ഇപ്പോള്‍

തന്നെ കനത്ത ശമ്പളവും ആനുകൂല്യങ്ങളുമാണ് പി.എസ്.സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കുന്നത്. എന്നാല്‍ പരീക്ഷാ നടത്തിപ്പിലെയടക്കം ഉത്തരവാദിത്തമില്ലായ്മ വിമർശന വിധേയമാവുന്നുണ്ട്.
വ്യത്യസ്ത തസ്തികകള്‍ക്കായി അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയ രണ്ടു പരീക്ഷകള്‍ക്ക് ഏഴ്‌ ചോദ്യങ്ങള്‍ ആവർത്തിച്ചതാണ് ഒടുവിലത്തെ സംഭവം.

ഒക്ടോബർ അഞ്ചിന് നടന്ന, എറണാകുളം, വയനാട് ജില്ലകളിലേക്കുള്ള എല്‍.ഡി. ക്ലാർക്ക് പരീക്ഷയ്ക്ക് ചോദിച്ച ഏഴ് ചോദ്യങ്ങളാണ് ഒക്ടോബർ എട്ടിന് നടന്ന മത്സ്യഫെഡ് ഓഫീസ് അറ്റൻഡർ മുഖ്യപരീക്ഷയ്ക്ക് ആവർത്തിച്ചത്. രണ്ടു പരീക്ഷകളുമെഴുതിയ ആയിരക്കണക്കിന് പേരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയർമാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും നല്‍കണമെന്നാണ് സർക്കാരിനോട് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നത്.
നിലവില്‍ ചെയർമാന് 2.26 ലക്ഷവും അംഗങ്ങള്‍ക്ക് 2.23 ലക്ഷവും ആണ് ശമ്പളം. കേന്ദ്ര നിരക്കില്‍ ഡി.എയും സെൻട്രല്‍ ജുഡിഷ്യല്‍ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി അംഗങ്ങള്‍ കേരളത്തിലാണ്. 21 പേർ. സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), എൻ.സി.പി എന്നിവരുടെ പ്രതിനിധികളാണ് നിലവില്‍ പി.എസ്.സി അംഗങ്ങള്‍. നിലവില്‍ ചെയർമാന്റെയും അംഗങ്ങളുടെയും വാർഷിക ശമ്പളം 5.59കോടിയാണ്.

വർദ്ധന അംഗീകരിച്ചാല്‍ 9.48 കോടിയാവും. ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങള്‍ക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികില്‍സ ഉള്‍പ്പെടെ സൗജന്യം.
നിലവില്‍ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും മെമ്പർമാരുടേത് 70,000 രൂപയും ആണ്. ബത്തകള്‍ ചേരുമ്പോള്‍ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷമാണ്. കൂടാതെ കാറും ഫ്ലാറ്റും. വർദ്ധന വന്നാല്‍ അടിസ്ഥാന ശമ്പളം ചെയർമാന് 2.24 ലക്ഷവും മെമ്പർമാർക്ക് 2.19 ലക്ഷവും ആയി ഉയരും. ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ ചെയർമാന് 4 ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും.

പെൻഷനും വർദ്ധിക്കും – ചെയർമാന് 2.50 ലക്ഷവും അംഗങ്ങള്‍ക്ക് 2.25 ലക്ഷവും ലഭിക്കും. നിലവില്‍ 1.25 ലക്ഷമാണ് ചെയർമാന്റെ പെൻഷൻ. അംഗങ്ങള്‍ക്ക് 1.20 ലക്ഷവും. സംസ്ഥാനത്തെ 19 പി.എസ്.സി. അംഗങ്ങള്‍ക്ക് മാസം ശമ്പളയിനത്തില്‍ സർക്കാർ നല്‍കുന്നത് 44.63 ലക്ഷം രൂപയാണ്.

മന്ത്രിമാർക്ക് നല്‍കുന്ന ശമ്പളത്തിന്റെ ഇരട്ടിവരും ഇത്. മന്ത്രിമാരുടെ മാസശമ്പളം ഒരു ലക്ഷത്തില്‍ താഴെയാണ്. 2019 ഒക്ടോബറിലെ കണക്കനുസരിച്ച്‌ 21 മന്ത്രിമാർക്ക് ശമ്പളം നല്‍കാനായി മാസം വേണ്ടിവരുന്നത് 19,40,883 രൂപയായിരുന്നു.
അംഗങ്ങള്‍ക്ക് വീട്ടുവാടക അലവൻസ് 10,000, മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ്, യാത്രബത്ത കിലോമിറ്ററിന് 15 രൂപ, 6 മുതല്‍ 12 മണിക്കൂർവരെ ഒരിടത്ത് തങ്ങേണ്ടിവന്നാല്‍ ഡി.എ. 250 രൂപ, 24 മണിക്കൂറായാല്‍ 500 രൂപ ഇങ്ങനെയും പണം കിട്ടും.

ഭരണമുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങുന്ന പ്രതിമാസ ശമ്പളത്തിനു പുറമെ കാറ്, താമസിക്കാൻ ഫ്ളാറ്റ്, ഓരോ സിറ്റിംഗിനും അലവൻസ്, യാത്രാബത്ത, മെഡിക്കല്‍ അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്.

6 വർഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോള്‍ ആജീവനാന്ത പെൻഷനും കിട്ടും. ഇതിനുപുറമെ കുടുംബാംഗങ്ങള്‍ക്കടക്കം സൗജന്യ ചികിത്സാസഹായവും.
പി.എസ്.സി എന്ന വെള്ളാന ഇപ്പോള്‍ കേരളത്തില്‍ നടത്തുന്ന നിയമനങ്ങള്‍ വർഷം തോറും താഴോട്ടാണ്. 2016 ല്‍ 37,530 നിയമനങ്ങള്‍ നടത്തിയെങ്കില്‍ 2023 ജൂലൈ വരെ 15,144 നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്.

ഇന്ത്യയില്‍ ഏറ്റവുമധികം പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനങ്ങള്‍ നടത്തുന്ന രാജസ്ഥാനില്‍ വെറും 8 അംഗങ്ങള്‍ മാത്രമാണുള്ളത്. തമിഴ്നാട്ടില്‍ 14 ഉം കർണാടകയില്‍ 13 ഉം അംഗങ്ങളുണ്ട്.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയില്‍ 9 അംഗങ്ങള്‍ മാത്രമാണുള്ളത്.
എന്നാല്‍ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം പി.എസ്.സി കൂടാതെ നിരവധി റിക്രൂട്ട്മെന്റ് ബോർഡുകള്‍ ഉള്ളതിനാല്‍ പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ കുറവാണെന്നാണ് കേരളത്തിലെ പി.എസ്.സി അംഗങ്ങള്‍ പറയുന്നത്. കേരളത്തില്‍ 2600 തസ്തികകളിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്. രാജസ്ഥാനില്‍ 160 തസ്തികകളില്‍ മാത്രമാണ് പി.എസ്.സി നിയമനം.