ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് ചേരുന്ന കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം; ‘കേരള സ്കൂൾ കായികമേള കൊച്ചി 24’ന് ഇന്ന് വിസിൽ മുഴങ്ങും; ഇത്തവണ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫിയും സ്വന്തം
കൊച്ചി: വർഷങ്ങൾക്ക് ശേഷം ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് ചേരുന്ന കൗമാര കായിക മാമാങ്കത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഭിന്നശേഷിക്കാരും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കായിക താരങ്ങളുമുൾപ്പെടെ പതിനായിരക്കണക്കിന് താരങ്ങൾ മാറ്റുരക്കുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള ‘കേരള സ്കൂൾ കായികമേള കൊച്ചി 24’നാണ് തിങ്കളാഴ്ച വിസിൽ മുഴങ്ങുന്നത്.
വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വർണാഭമായ കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറും. വിവിധ ജില്ലകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണവും ട്രോഫി പര്യടനവും തിങ്കളാഴ്ച തൃപ്പൂണിത്തുറയിൽ ഒത്തുചേർന്ന് സംയുക്ത പ്രയാണമായി വേദിയിലേക്കെത്തും.
എറണാകുളം മഹാരാജാസ് സ്റ്റേഡിയം ഉൾപ്പെടെ ജില്ലയിലെ 17 വേദികളിലായി 24,000 മത്സരാർത്ഥികൾ പങ്കെടുക്കുന്ന കായിക മത്സരങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമാവുക. 11ന് സമാപന സമ്മേളനവും സമ്മാനദാനച്ചടങ്ങും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവർറോളിങ് ട്രോഫി നൽകുമെന്ന പ്രത്യേകതയും ഇത്തവണത്തെ കായികമേളക്കുണ്ട്. ഗ്ലാമർ ഇനമായ അത്ലറ്റിക്സ് ഈ മാസം ഏഴിന് മഹാരാജാസ് ഗ്രൗണ്ടിൽ നടക്കും.