സിപിഎം – ബിജെപി ഡീലുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിൽ : രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനതപുരo: സിപിഎമ്മും ബിജെപിയുമായി നടക്കുന്ന ഡീലുകള്‍ എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇരുകൂട്ടരും നേതാക്കളെ വരെ പരസ്പരം വെച്ചുമാറുന്ന അവസ്ഥ നിലനില്‍ക്കെ ജനങ്ങളെ കബളിപ്പിക്കുന്ന പണി അവസാനിപ്പിച്ച് തങ്ങളുടെ സഖ്യം ഇരുപാര്‍ട്ടികളും പരസ്യമായി പ്രഖ്യാപിക്കുന്നതാകും നല്ലത്.
ഇടതുമുന്നണി കണ്‍വീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജനെപ്പോലെ സീനിയറായ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ വേണ്ടി ചര്‍ച്ച നടത്തി എന്നത് ഗുരുതരമായ ആരോപണമാണ്. ബിജെപിയിലെ തന്നെ ഒരു സീനിയര്‍ നേതാവാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതു കൊണ്ടു തന്നെ ഇതിന്റെ ഗൗരവം വര്‍ധിക്കുന്നു. താന്‍ പ്രകാശ് ജാവ്‌ഡേക്കറെ പലവട്ടം കണ്ടു എന്നത് ജയരാജന്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയും സിപിഎം സെക്രട്ടറി ഗോവിന്ദനും കൃത്യമായ മറുപടി പറയണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില പ്രധാനപ്പെട്ട ബിജെപി നേതാക്കളെ സിപിഎമ്മിലേക്കു കൊണ്ടുവരാനും ചര്‍ച്ച നടക്കുന്നതായി അറിയുന്നു. പരസ്പരം നേതാക്കളെ വെച്ചുമാറലാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്.
കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ നേരത്തേ തന്നെ സ്വീകരിച്ചത്. അതില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ പുനരന്വേഷണം മറ്റൊരു കണ്ണില്‍ പൊടിയിടലാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരകള്‍ അതീവ സങ്കീര്‍ണമാണ്. പൂരം കലക്കി തൃശൂരില്‍ സ്ഥാനാര്‍ഥിയെ ജയിപ്പിക്കുകയും കുഴല്‍പണ ഇടപാടില്‍ ബിജെപി സംസ്ഥാന നേതാക്കളെ രക്ഷിക്കുകയും ചെയ്തതിനു പ്രത്യുപകാരമായി കരിവെള്ളൂര്‍ കേസും സ്വര്‍ണക്കടത്ത് കേസും മാസപ്പടി കേസും ഒക്കെ തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ ഈ അന്തര്‍ധാര തുടരും എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. പാലക്കാട് സിപിഎം വോട്ടുകള്‍ ബിജെപിക്കു മറിക്കുകയും പകരം ചേലക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിനു നല്‍കുകയും ചെയ്യും – ചെന്നിത്തല ആരോപിച്ചു.