നാത്തൂൻ പോരില്ല ഇവിടെയുള്ളത് കൊതിപ്പിക്കും വിഭവങ്ങള്‍ മാത്രം ; മുണ്ടക്കയം പൈങ്ങണയില്‍ ഏഴ് പെണ്ണുങ്ങള് നടത്തുന്ന ‘നാടൻ രുചിക്കൂട്ടിന്റെ രുചിപിടിച്ച് എത്തുന്നവരിൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും അന്യനാട്ടുകാരും ; ‘നാടൻ ഊണ് ‘എന്ന ചെറുകടയിലൂടെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും വീടിനും നാടിനും മാത്യക
സ്വന്തം ലേഖകൻ
കോട്ടയം: നാലുവർഷത്തെ ഖത്തർ ജോലി അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ മുണ്ടക്കയം പുത്തൻപുരയ്ക്കല്‍ വിജിയുടെ മനസ് ശൂന്യമായിരുന്നു. വരുമാനം നിലച്ചു. സമ്പാദ്യമില്ല. ഇനിയെന്തെന്ന ആശങ്ക. ഒടുവില്‍ പുത്തൻപുരയ്ക്കല്‍ വീട്ടിലെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും ചേർന്ന് നാടൻ രുചിക്കൂട്ടിന്റെ ഒരു കുഞ്ഞു ലോകം സൃഷ്ടിച്ചു. കോട്ടയം -കുമളി റോഡരികില്‍ മുണ്ടക്കയം പൈങ്ങണയില്‍ ഏഴ് പെണ്ണുങ്ങള് നാത്തൂൻ പോരില്ലാതെ നടത്തുന്ന ‘നാടൻ ഊണ് ‘എന്ന ചെറുകട.
കഴിക്കാൻ നാടറിഞ്ഞെത്തി. ഒരിക്കല്‍ വന്നവർ രുചിപിടിച്ച് വീണ്ടും വരുന്നു. അന്യനാട്ടുകാരും കടതേടിപ്പിച്ച് എത്തുന്നു. തലേന്ന് ഇഷ്ടവിഭവം വിളിച്ചു പറഞ്ഞ് വരുന്നവരുമുണ്ട്. ഹോംനഴ്സായിരുന്ന വിജി മരുഭൂമിയിലെ കഷ്ടപ്പാട് മടുത്താണ് മടങ്ങിയത്. ബന്ധുക്കളില്‍ ചിലർ വീട്ടമ്മമാർ. മറ്റ് ചിലർ തൊഴിലുറപ്പ് തൊഴിലാളികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിയുടെ സഹോദരിമാരായ ഉഷയും സുമയും നാടൻ ഊണെന്ന ആശയം അവതരിപ്പിച്ചു. നാത്തൂന്മാരായ കുഞ്ഞുമോളും സന്ധ്യയും വിജയമ്മയും സുബിയും ഒപ്പം കൂടി. അഞ്ചു മാസം മുൻപ് പഞ്ചായത്ത് മെമ്ബറുടെ സഹായത്തോടെ കട വാടകയ്ക്കെടുത്തു. കട കളറാക്കി. ഇപ്പോള്‍ ഏഴു കുടുംബത്തിനും അല്ലലില്ലാതെ കഴിയാനുള്ളത് കടയില്‍ നിന്നു കിട്ടുന്നു.
പുറത്തുനിന്ന് ജോലിക്കാരില്ല. പുലർച്ചെ അഞ്ച് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമയം. വിറകടുപ്പിലെ പാചകം മുതല്‍ പാത്രം കഴുകല്‍ വരെ സ്ത്രീകളാണ്. പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഓട്ടോ ഡ്രൈവർമാരുമാണ് പതിവുകാർ. ഏഴ് പേരുടേയും വീട്ടുകാരും ഭക്ഷണം കഴിക്കുന്നത് ഇവിടെ. കൂലിപ്പണിക്ക് പോകുന്ന ഭർത്താക്കന്മാരും സ്കൂളിലേക്ക് കുട്ടികളും പൊതിഞ്ഞു കൊണ്ടുപോകും.