play-sharp-fill
ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് തുടരും…! പ്രീമിയം തുക ഉയർത്തുന്നതടക്കം  മാറ്റങ്ങളോടെ രണ്ടാം ഘട്ടം; നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്ധസമിതിക്ക് നിർദ്ദേശം; ആശുപത്രികൾക്ക് മുഴുവൻ പണവും കിട്ടുന്നില്ലെന്ന് പരാതിക്ക് ഉടൻ പരിഹാരം

ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് തുടരും…! പ്രീമിയം തുക ഉയർത്തുന്നതടക്കം മാറ്റങ്ങളോടെ രണ്ടാം ഘട്ടം; നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്ധസമിതിക്ക് നിർദ്ദേശം; ആശുപത്രികൾക്ക് മുഴുവൻ പണവും കിട്ടുന്നില്ലെന്ന് പരാതിക്ക് ഉടൻ പരിഹാരം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർ‌ക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരാൻ ധനവകുപ്പിന്റെ തീരുമാനം.

പദ്ധതിയെക്കുറിച്ച് ഒട്ടേറെ വിമർശനങ്ങളും പരാതികളും ഉയരുന്നതിനാൽ പ്രീമിയം തുക ഉയർത്തുന്നതടക്കം കാതലായ മാറ്റങ്ങളോടെയാകും രണ്ടാം ഘട്ടം നടപ്പാക്കുക. നിർദേശങ്ങൾ സമർപ്പിക്കാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായി വിദഗ്ധസമിതി രൂപീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി.നായർ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, പ്രഫ. ബിജു സോമൻ, ഡോ. എ.ജയകുമാർ, ഡോ. എ.വി.ജയകൃഷ്ണൻ, ഡോ. എ.എൽ.ലിജീഷ്, ഡോ. ബിനോയ് എന്നിവരാണു സമിതി അംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 500 രൂപയാണു പ്രതിമാസ പ്രീമിയം. ഇതു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. വർഷം 450 കോടി രൂപയുടെ ക്ലെയിമാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും കഴിഞ്ഞ 2 വർഷമായി ഇത് 600 കോടി കടന്നു.

പ്രീമിയം തുക കൂട്ടണമെന്നാണ് പദ്ധതി പങ്കാളികളായ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം. 2025 ജൂൺ 30നാണ് ഇൻഷുറൻസ് കമ്പനിയുമായുള്ള 3 വർഷത്തെ കരാർ അവസാനിക്കുന്നത്. വ്യവസ്ഥകളും നിരക്കുകളും പരിഷ്കരിച്ച് ടെൻഡർ വിളിക്കുകയാണ് അടുത്ത നടപടി. അതിനു മുൻപ് വിദഗ്ധസമിതിയിൽ നിന്നു റിപ്പോർട്ട് വാങ്ങും.

ചികിത്സയ്ക്കു ചെലവാകുന്ന പണം മുഴുവൻ ഇൻഷുറൻസ് കമ്പനി ആശുപത്രികൾക്കു നൽകാൻ തയാറാകാത്തതാണ് മെഡിസെപ് നേരിടുന്ന മുഖ്യ പ്രശ്നം. ഇതുകാരണം ജീവനക്കാരും പെൻഷൻകാരും സ്വന്തം കയ്യിൽനിന്നു പണം നൽകേണ്ട അവസ്ഥയാണ്.

ഓരോ ചികിത്സയ്ക്കും ഇൻഷുറൻസ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക് കുറവായതിനാൽ പദ്ധതിയിൽ ചേരാൻ ആശുപത്രികളും മടിക്കുകയാണ്. 2 പ്രശ്നങ്ങളും പരിഹരിക്കാൻ പ്രീമിയം തുക കൂട്ടുകയാണു മാർഗമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ.