കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ; ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു
പാലക്കാട് : ഉപതിരഞ്ഞെടുപ്പ് അടുക്കവെ പാലക്കാട് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവ് കെ.എ.സുരേഷ് പാർട്ടി വിട്ടു. ഷാഫി പറമ്ബിലിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് പറഞ്ഞ സുരേഷ് സി.പി.എമ്മില്‍ ചേർന്നു. ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിനെ വിജയിപ്പിക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘പിരായിരി പഞ്ചായത്തില്‍ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാർട്ടി വിടുന്നത്. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. എന്നെ പോലെ നിരവധി പേർ ഉണ്ട്. സി.പി.എമ്മില്‍ ചേർന്നുകഴിഞ്ഞു. സരിനെ ജയിപ്പിക്കാനായി പ്രവർത്തിക്കും,’ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സാധാരണ കോണ്‍ഗ്രസുകാർക്ക് അവിടെ നില്ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിരായിരി പഞ്ചായത്തംഗം സിതാര ശശിയും ഭർത്താവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജി. ശശി എന്നിവരും കഴിഞ്ഞദിവസം പാലക്കാട്ടെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയർത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിനെ പിന്തുണയ്ക്കുമെന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാഫി പറമ്ബില്‍ ഏകാധിപതിയാണെന്നും എം.എല്‍.എ. ആയശേഷം ഈ പ്രദേശത്തിന് വികസനഫണ്ട് തരുന്നില്ലെന്നും ഇവർ ആരോപിച്ചു. വേണ്ടപ്പെട്ടവർക്കുമാത്രമാണ് ഫണ്ട് നല്‍കുന്നത്. പഞ്ചായത്തംഗത്വം രാജിവെക്കില്ലെന്നും സിതാര ശശി പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിലുള്ള പിരായിരി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡ് അംഗമാണ് സിതാര.