കല്ലടയാറ്റിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒഴുക്കിൽപ്പെട്ട് മരിച്ചത് 13 പേരടങ്ങിയ തീര്‍ത്ഥാടക സംഘത്തിലെ വിദ്യാർത്ഥികൾ
അടൂർ: കല്ലടയാറിന്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടു പേർ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സ്വാലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്.
രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്‌ലി പാലത്തിനടുത്തുള്ള മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇവരെ നാട്ടുകാര്‍ പിന്തിരിപ്പിച്ചെങ്കിലും വീണ്ടും എത്തി ആറ്റിലിറങ്ങുകയായിരുന്നു.
മുഹമ്മദ് സ്വാലിക്കിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി.എം.ഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റേത് ഒന്നരമണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍നിന്നും കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടൂര്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ കരയ്ക്കെടുത്തത്. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍ എം വേണു, സീനിയര്‍ ഓഫീസര്‍മാരായ ബി സന്തോഷ് കുമാര്‍, എ.എസ് അനൂപ്, ഫയര്‍ ഓഫീസര്‍മാരായ എസ്.ബി അരുണ്‍ജിത്ത്, എസ്. സന്തോഷ്, വി. ഷിബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പത്തനംതിട്ടയില്‍ നിന്നും സ്‌കൂബാ ടീമിനെ വിളിച്ചിരുന്നെങ്കിലും അവര്‍ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നും പുറത്തെടുത്തിരുന്നു.