സംസ്ഥാനത്തെ ജയിലുകൾ ഹൗസ് ഫുൾ; വിവിധ ജില്ലകളിലെ 55 ജയിലുകളിൽ കഴിയുന്നത് പതിനായിരത്തിലേറെ പേർ; തടവുകാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ല; പ്രിസൺ ഓഫിസർമാരുടെ കുറവുമൂലം ജയിൽ പ്രവർത്തനം പ്രതിസന്ധിയിൽ
കോഴിക്കോട്: സംസ്ഥാനത്തെ ഒട്ടുമിക്ക ജയിലുകളും ‘ഹൗസ് ഫുൾ’. വിവിധ ജില്ലകളിലെ 55 ജയിലുകളിൽ കഴിയുന്നത് പതിനായിരത്തിലേറെ പേരാണ്. കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ, വിചാരണ തടവുകാർ, റിമാൻഡ് പ്രതികൾ എന്നിങ്ങനെയാണ് ജയിലുകളിൽ കഴിയുന്നത്.
പല ജയിലുകളിലും ഉൾക്കൊള്ളാനാവുന്നതിനേക്കാൾ 30 ശതമാനം വരെ ആളുകൾ കൂടുതലാണെന്നാണ് ജീവനക്കാർതന്നെ പറയുന്നത്. ജില്ലാ ജയിലുകളിലാണ് ഉൾക്കൊള്ളാനാവുന്നതിലധികം പേരെ താമസിപ്പിച്ചിരിക്കുന്നത്. തടവുകാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ലാത്തതും ജയിലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ആറ് തടവുകാർക്ക് ഒരുദ്യോഗസ്ഥൻ എന്നതാണ് കണക്കെങ്കിലും പലയിടങ്ങളിലും അതിനൊത്ത് ജീവനക്കാരില്ല. അസി. പ്രിസൺ ഓഫിസർമാരുടെ കുറവാണ് ജയിലുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്. പി.എസ്.സി വഴി നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് ഒമ്പതുമാസത്തെ പരിശീലനത്തിന് ട്രെയ്നിങ് സെന്ററുകളിലേക്ക് പോവുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ നൂറിലേറെ പേർ പരിശീലനത്തിലായതോടെ ഇവരുടെ സീറ്റുകളും ജയിൽ ഓഫിസുകളിൽ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് വലിയതോതിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കുള്ള വകുപ്പുകൂടിയാണ് പോലീസും ജയിലും.