ആടിനെ മോഷ്ടിച്ചുവെന്ന് പറഞ്ഞതിന് വയോധിക ദമ്പതികളെ കൊലപ്പെടുത്തി ; ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടയാളെ ഹൈക്കോടതി വെറുതെ വിട്ടു ; ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത് സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതിയെ ശിക്ഷിച്ചു, കൊലപാതകത്തിൽ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കിയില്ല എന്നിവ ചൂണ്ടിക്കാട്ടി
സ്വന്തം ലേഖകൻ
കൊച്ചി∙ പത്തനംതിട്ടയില്‍ വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു. പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിനെയാണ് ജസ്റ്റിസുമാരായ വി.രാജാ വിയരാഘവൻ, ജി.ഗിരീഷ് എന്നിവരുടെ ബെഞ്ച് വെറുതെ വിട്ടത്.
സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചിരിക്കുന്നതെന്നും കൊലപാതകത്തിൽ പ്രതിക്കുള്ള പങ്ക് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്തംനംതിട്ട അഡി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റു കേസുകളിൽ പ്രതിയല്ലെങ്കിൽ ആനന്ദകുമാറിനെ വിട്ടയയ്ക്കാനും കോടതി നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2007 ഒക്ടോബർ മൂന്നിനാണ് സംഭവം. ആടിനെ വളർത്തി ജീവിച്ചിരുന്ന ഏലിക്കുട്ടിയോടും പ്രഭാകരനോടും പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. തന്റെ ആടിനെ മോഷ്ടിച്ചത് ആനന്ദകുമാറാണെന്ന് ഏലിക്കുട്ടി ആരോപിച്ചതിലുള്ള വൈരാഗ്യം നിമിത്തമായിരുന്നു ഇത്. സംഭവദിവസം രാവിലെ 10 മണിയോടെ ശ്മശാന പരിസരത്ത് ആടുമേയ്ക്കുകയായിരുന്ന ഏലിക്കുട്ടിയെ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം പ്രതി ചതുപ്പിൽ ചവിട്ടിതാഴ്ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറച്ചു കഴിഞ്ഞപ്പോൾ ഏലിക്കുട്ടിയെ അന്വേഷിച്ചുവന്ന പ്രഭാകരനെ പ്രതി ടൈൽ കഷണംകൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയശേഷം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ പറയുന്നു. പ്രഭാകരന്റെ മൃതശരീരം ഒക്ടോബർ ആറിനും ഏലിക്കുട്ടിയുടേത് ഒമ്പതിനുമാണ് കണ്ടെത്തിയത്. 15ന് പ്രതി അറസ്റ്റിലായി.
തുടർന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കുറ്റപത്രം തയാറാക്കിയത്. അതിനൊപ്പം പ്രഭാകരനെ കൊലപ്പെടുത്താനുപയോഗിച്ച ടൈൽ കഷ്ണം, കൊല നടത്തിയ സമയത്ത് ധരിച്ചിരുന്ന ലുങ്കിയും ഷർട്ടും തുടങ്ങിയവയും തെളിവുകളായി ഹാജരാക്കിയിരുന്നു. എന്നാൽ പൊലീസ് കണ്ടെടുത്ത ടൈൽ കഷ്ണമാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് തെളിയിക്കുന്നതൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിനിടെ ധരിച്ചതെന്ന് പറയുന്ന ചെരുപ്പ്, ലുങ്കി, ഷർട്ട് തുടങ്ങിയവ ആനന്ദകുമാർ ധരിച്ചതാണെന്നതിനും തെളിവില്ലെന്ന് കോടതി പറഞ്ഞു.
താൻ ഏലിക്കുട്ടിയുടെ ആടിനെ മോഷ്ടിച്ച് അതിന്റെ മാംസം ഭക്ഷിച്ചെന്ന് തങ്ങൾ ഒരുമിച്ച് ജയിലിൽ കിടന്നപ്പോൾ പ്രതി പറഞ്ഞിട്ടുണ്ട് എന്ന മൂന്നാം സാക്ഷിയുടെ മൊഴിയാണ് പ്രോസിക്യൂഷൻ അടിസ്ഥാനമാക്കിയത്. മാത്രമല്ല, പ്രതിയെ സംഭവദിവസം കൊലപാതകം നടന്ന സ്ഥലത്ത് കണ്ടെന്നും മൊഴിയുണ്ട്. എന്നാൽ ഇതൊന്നും കേസുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകളല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷിമൊഴികളെ സാധൂകരിക്കുന്ന മറ്റു തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഏലിക്കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് പറയുന്ന തുണിക്കഷ്ണം പോലും തെളിവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.