എംഎൽഎ ആയതുമുതൽ അവഗണന, പ്രോട്ടോകോൾ പ്രകാരം അധ്യക്ഷനാക്കേണ്ട പരിപാടികളിൽപോലും ക്ഷണിക്കുന്നില്ല; സർക്കാർ പരിപാടികളിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് വിളിക്കാതെ എത്തി സദസ്സിലിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: സർക്കാർ പരിപാടികളിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് വിളിക്കാതെ എത്തി സദസ്സിലിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞദിവസം മണർകാട് ഉപജില്ല കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്‍റെ സമാപനത്തിലും ക്ഷണിക്കാത്തതിലുള്ള പ്രതിഷേധമാണ് സ്ഥലത്തെത്തി സദസ്സിലിരുന്ന് ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചത്.
മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ എത്തിയ ചാണ്ടി ഉമ്മൻ ഈ വിഷയം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുമുണ്ട്. പ്രോട്ടോകോൾ പ്രകാരം അധ്യക്ഷനാക്കേണ്ട പരിപാടികളിൽപോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളത്. ഇത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പ് ചാണ്ടി ഉമ്മൻ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, ഫലമുണ്ടായില്ല. ഇതേതുടർന്നാണ് കലോത്സവത്തിൽ ക്ഷണിച്ചില്ലെങ്കിലും അദ്ദേഹം എത്തിയത്. വേദിയിലെത്താൻ സംഘാടകർ നിർബന്ധിച്ചെങ്കിലും കൂട്ടാക്കിയില്ല. തന്നെ ക്ഷണിക്കാത്തത് മനഃപൂർവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എംഎൽഎ സ്ഥലത്തില്ലെന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്ന് സംഘാടകർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് ശരിയല്ലെന്നും തന്നെ ഫോണിൽപോലും ആരും വിളിച്ചില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. താൻ എംഎൽഎ ആയതുമുതൽ സർക്കാർ പരിപാടികളിൽ അവഗണന തുടരുകയാണെന്നാണ് ചാണ്ടി ഉമ്മന്‍റെ വാദം. താൻ അധ്യക്ഷനാകേണ്ട പരിപാടികളിൽ രണ്ട് മന്ത്രിമാരെ വിളിച്ച് ആ അവസരം ഒഴിവാക്കുകയാണ്. ഇനിയും അവഗണന തുടരുകയാണെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം.