എഡിഎം നവീൻ ബാബുവിന്റെ മരണം: കസ്റ്റഡിയിലെടുത്ത പി പി ദിവ്യയെ വൈദ്യപരിശോധനയ്ക്ക് കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു
കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് വിവരം.
പോലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പോലീസും ശ്രദ്ധിച്ചിരുന്നു. കീഴടങ്ങിയ ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു.
പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രോസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ഇവരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി തള്ളിയിരുന്നു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പോലീസിനും ലഭിച്ചിരുന്നത്.