play-sharp-fill
മലയാളദിനം, ഭരണഭാഷാ വാരാഘോഷം: കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ;  ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന്  കളക്‌ട്രേറ്റിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും

മലയാളദിനം, ഭരണഭാഷാ വാരാഘോഷം: കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ; ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് കളക്‌ട്രേറ്റിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും

കോട്ടയം: മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ ഒൻപതുമണിക്കു കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥിയാകും. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ‘എന്റെ വാക്ക്’ കുറിക്കൽ നടത്തും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടർ ജോൺ വി. സാമുവൽ, നഗരസഭാംഗം റീബ വർക്കി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, എ.ഡി.എം. ബീന പി. ആനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ,ഡി.എം.ഒ. ഡോ. എൻ. പ്രിയ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ആർ.ടി.ഒ. കെ. അജിത്കുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പങ്കെടുക്കും.
മലയാളദിനം, ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ജില്ല തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സർക്കാർ ജീവനക്കാർക്കുള്ള മത്സരങ്ങൾ നവംബർ രണ്ടിന്

വാരാഘോഷത്തിന്റെ ഭാഗമായി നവംബർ രണ്ടിന് വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സാഹിത്യരചനാ മത്സരങ്ങൾ നടത്തും. വിപഞ്ചിക ഹാളിൽ രാവിലെ 11-ന് കഥാരചന, ഉച്ചകഴിഞ്ഞ് രണ്ടിന് കവിതാരചനാ മത്സരങ്ങൾ നടക്കും.
നവംബർ മൂന്നിന് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പ്രഭാഷണം നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഭാഷയും ഭരണകൂടവും എന്ന വിഷയത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന പ്രസംഗിക്കും.

നവംബർ ഒന്നിന് വിദ്യാലയങ്ങളിലും ഓഫീസുകളിലും പ്രതിജ്ഞ

വാരാഘോഷത്തോടനുബന്ധിച്ചു നവംബർ ഒന്നിന് സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുക്കും.
ഓഫീസുകളിലും വിദ്യാലയങ്ങളിലും ആഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സമ്മേളനങ്ങൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഓഫീസുകളിൽ ഭരണരംഗത്ത് ഉപയോഗിക്കുന്ന ആംഗലേയ പദങ്ങളുടെ സമാനമലയാള പദങ്ങൾ എഴുതി എല്ലാദിവസവും പ്രദർശിപ്പിക്കും.

ഭരണഭാഷാ പ്രതിജ്ഞ (ഓഫീസുകൾ, സ്ഥാപനങ്ങൾക്കായി)

മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാളഭാഷയെയും കേരളസംസ്‌ക്കാരത്തെയും ഞാൻ ആദരിക്കുന്നു. ഭരണനിർവഹണത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിന് എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും.

മലയാളഭാഷാ പ്രതിജ്ഞ (വിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി)

മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെത്തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്.