എറണാകുളം കളക്ടറേറ്റ് ഓഫീസിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം
കൊച്ചി: എറണാകുളം കാക്കനാട് കളക്ടറേറ്റിൽ യുവതിയുടെ ആത്മഹത്യാശ്രമം. പള്ളുരുത്തി സ്വദേശിനി ഷീജയാണ് റീജിയണൽ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ശരീരത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭർത്താവും ഓഫീസിലെ ജീവനക്കാരും ചേർന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഷീജയുടെ എൻജിനിയറിങ് ലൈസൻസ് വിജിലൻസ് ശുപാർശപ്രകാരം റദ്ദാക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഓഫീസിൽ എത്തിയപ്പോഴാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഷീജയുടെ ലൈസൻസിൽ പള്ളുരുത്തിയിൽ റെസിഡൻഷ്യൽ ബിൽഡിങ്ങിന് പെർമിറ്റെടുത്തിരുന്നു. പിന്നീട് പണി നടന്നപ്പോൾ ഈ കെട്ടിടം കൊമേഴ്സ്യൽ ബിൽഡിങ് ആക്കി മാറ്റി. ഇതിന് ഷീജ അനുവദിച്ചില്ല.
തുടർന്ന് മറ്റൊരാളെ ഉപയോഗിച്ച് തുടർനടപടികൾ പൂർത്തിയാക്കി. എന്നാൽ, സംഭവത്തിൽ വിജിലൻസ് അന്വേഷണം വന്നതോടെ ഷീജയുടെ ലൈസൻസ് റദ്ദാക്കിയെന്നാണ് ആരോപണം. സംഭവത്തിൽ തന്നെ കുടുക്കിയതാണെന്നും തനിക്ക് പങ്കില്ലാത്ത സംഭവത്തിലാണ് ലൈസൻസ് റദ്ദാക്കിയതെന്നുമാണ് ഷീജ ആരോപിക്കുന്നത്.