ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഏറ്റുമുട്ടലിൽ 3 ഭീകരരെ വധിച്ചു, ഭീകരരുടെ ഒളിത്താവളം കണ്ടെത്തി
ദില്ലി: ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു.
രാവിലെ ഏഴരയോടെയാണ് ആംബുലൻസ് അടങ്ങുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ വെടിവെച്ചത്. ആക്രമണം നടത്താൻ എത്തിയ ഭീകരരെ ഇതുവഴി ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥികൾ കണ്ടിരുന്നു.
തുടർന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാർത്ഥികൾ വിവരം കൈമാറിയതിനാൽ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനമേഖലയിലേക്ക് കടന്നു. വനമേഖലയിലേക്ക് ഒളിക്കാൻ ശ്രമിച്ച ഭീകരരെ സൈന്യം പിൻതുടർന്നതോടെ ഏറ്റുമുട്ടൽ തുടങ്ങി. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തെരച്ചിലിനിടെ ഇവരുടെ ഒളിത്താവളം സൈന്യം കണ്ടെത്തിയെന്നാണ് വിവരം. ഈ ഭാഗത്ത് കൂടുതൽ ഭീകരരുണ്ടോ എന്ന തെരച്ചിൽ തുടരുകയാണ്. എൻഎസ്ജി കമാൻഡോകളും ഇവിടേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജമ്മു കശ്മീരിൽ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച്ച ബാരാമുള്ളയിലെ ഗുൽമാർഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു.