video
play-sharp-fill
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവ്; നടപടി എഴുപത്തിയെട്ടുകാരനായ വയോധികന്റെ കത്തിന്റെ അടിസ്ഥാനത്തിൽ; കാത്തിരിപ്പുകേന്ദ്രങ്ങളിലെ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവ്; നടപടി എഴുപത്തിയെട്ടുകാരനായ വയോധികന്റെ കത്തിന്റെ അടിസ്ഥാനത്തിൽ; കാത്തിരിപ്പുകേന്ദ്രങ്ങളിലെ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി

ആലപ്പുഴ: കൊടുങ്ങല്ലൂർക്കാരൻ സി.എസ്. തിലകൻ കളത്തിലിറങ്ങിയതോടെ കഥ മാറി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടം ഒഴിവാക്കാൻ സർക്കാർ ഉത്തരവായി.

പൈപ്പിൽ ഇരിക്കുന്നത് പലർക്കും ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ച് വയോധികർക്ക്. പൈപ്പ് പ്രശ്നം പലരും പരിഹാസരൂപേണ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ, എഴുപത്തിയെട്ടുകാരനായ തിലകന്റെ പ്രതികരണം തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷിനോടു നേരിട്ടായിരുന്നു.

പരാതി വ്യക്തമാക്കി ഒരു കത്തയച്ചു. ഫലവുമുണ്ടായി. കാത്തിരിപ്പുകേന്ദ്രങ്ങളിലെ പൈപ്പ് മാറ്റി പകരം സംവിധാനമൊരുക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. തിലകന്റെ കത്തുൾപ്പെടുത്തിയാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്ലിക്കന്റ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറത്തിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയാണ് തിലകൻ. ഫോറത്തിന്റെ പേരിലാണ് പരാതി അയച്ചത്. തുടർന്നാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും പൈപ്പു മാറ്റുന്നതിനു നിർദേശം വന്നത്.

കൊടുങ്ങല്ലൂരും പരിസരങ്ങളിലും മാത്രമല്ല, തൃപ്പൂണിത്തുറയിലും തിലകൻ സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങളുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ കണ്ടിരുന്നു. ഇവിടെ യാത്രക്കാർ ഇരിക്കാൻ ബുദ്ധിമുട്ടുന്നതും മടിക്കുന്നതും ബോധ്യമായി. പോളിസ്റ്റർ വസ്ത്രം ധരിച്ചവർ ഇരുന്നാൽ തെന്നിപ്പോകും.

എം.പി., എം.എൽ.എ.മാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടുപയോഗിച്ചാണ് പലയിടത്തും ഇരിപ്പിടം നിർമിച്ചിരിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നിർമാണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഉദാഹരണസഹിതം തിലകൻ കത്തിലൂടെ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ. സുനിൽകുമാറിനോട് ഇത്തരം നിർമാണം നടത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു.

കാത്തിരിപ്പുകേന്ദ്രം അനാശാസ്യനടപടിക്കും മറ്റും ഉപയോഗിക്കാതിരിക്കാനാണ് സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് ഇരിപ്പിടമൊരുക്കിയതെന്നാണ് ചില ജനപ്രതിനിധികൾ നൽകിയ വിശദീകരണം. പണമനുവദിച്ച എം.എൽ.എ.മാർ, എം.പി.മാർ എന്നിവരെക്കൊണ്ടുതന്നെ ഇതിനു പരിഹാരം കാണാനാകുമോയെന്നും തദ്ദേശവകുപ്പ് അധികൃതർ ആലോചിക്കുന്നുണ്ട്.