ശസ്ത്രക്രിയയും ചികിത്സയും പരാജയപ്പെട്ടാൽ ഡോക്ടർമാരെ പ്രതിയാക്കാനാവില്ലെന്ന് സുപ്രീം കോടതി; സുപ്രധാന വിധി
ഡൽഹി: ശസ്‌ത്രക്രിയയോ ചികിത്സയോ പരാജയപ്പെട്ടാൽ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഛണ്ഡീഗഡിലെ ചികിത്സാ പിഴവ് സംബന്ധിച്ച അപ്പീൽ ഹർജി പരമോന്നത കോടതി തീർപ്പാക്കി.
നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കിൽ, ശസ്ത്രക്രിയക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ എന്നിവ മെഡിക്കൽ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമേ ഡോക്ടർമാരെ പ്രതിചേർക്കാവൂ എന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയ വിജയകരമാകുമെന്ന് എല്ലായ്പ്പോഴും പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയും ചികിത്സയും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്തുമെന്ന് എപ്പോഴും ഉറപ്പിക്കാനോ സാധിക്കില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഛണ്ഡീഗഡ് സ്വദേശിയായ ജസ്‌വീന്ദർ സിങും ഇദ്ദേഹത്തിൻ്റെ അച്ഛനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായും അരലക്ഷം രൂപ കോടതി ചെലവായും നൽകാൻ ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ നേരത്തെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഛണ്ഡീഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ഡോ.നീരജ് ദാസും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതിയുടെ അനുകൂല വിധി.