കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; പിടിക്കപ്പെടില്ലെന്ന് കരുതി തെരഞ്ഞെടുത്തത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംങ് ഏരിയ ; രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; കഞ്ചാവ് എത്തിച്ചു നൽകിയത് സുഹൃത്തായ ഒഡീഷ സ്വദേശി
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംങ് ഏരിയയിൽ നിന്നും എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഇടുക്കി ഉടുമ്പൻഞ്ചോല കട്ടപ്പന കല്ലുകുന്ന് തൈക്കുഴിയിൽ ഹാരിഷ് റഹ്മാൻ (34) ആണ് എക്സൈസിൻ്റെ പിടിയിലായത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിലെ പാർക്കിംങ് ഏരിയയിൽ നിന്നുമാണ് എട്ടു കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗൈനക്കോളജി വിഭാഗത്തിലെ പാർക്കിംങ് ഏരിയയിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്, എക്സൈസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്ന് നാല് പാഴ്സലുകളിലായി സൂക്ഷിച്ച എട്ടു കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം സുഹൃത്തായ ഇതര സംസ്ഥാന സ്വദേശിയാണ് തനിക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്നു പ്രതി പറഞ്ഞു.
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ സി.ദാസ്, ബിനോദ് കെ.ആർ, ബൈജുമോൻ, നൗഷാദ് എം. പ്രിവന്റീവ് ഓഫിസർ നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്സൈസ് ഓഫിസർ പ്രശോഭ്, ശ്യാം ശശിധരൻ, സുനിൽകുമാർ, വിനോദ്, എക്സൈസ് ഡ്രൈവർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.