ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്ന് കോടിയോളം രൂപ; രജിസ്റ്റർ ചെയ്തിട്ടുള്ളത് 11 കേസുകള്‍; ഡിവൈഎഫ്‌ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്തു
സർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു.
കാസർകോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്.
ഇതിനോടകം 11 കേസുകള്‍ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍, കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് പലർക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂള്‍ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്‌ഐ നേതാവെന്ന നിലയിലെ പ്രവർത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്.
ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായാണ് പരാതി.