play-sharp-fill
എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതി വ്യാജമാണന്ന് തെളിഞ്ഞാൽ പി.പി. ദിവ്യ കുടുങ്ങും: തയ്യാറാക്കിയത് പ്രശാന്തന്‍ എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ? കള്ളപരാതിയില്‍ കൈയ്യക്ഷര പരിശോധന അനിവാര്യം; അന്വേഷണം ആ വഴിക്ക് എത്താതിരിക്കാർ ഉന്നതർ ഇടപെട്ടു

എഡിഎമ്മിന്റെ മരണത്തിന് മുമ്പ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതി വ്യാജമാണന്ന് തെളിഞ്ഞാൽ പി.പി. ദിവ്യ കുടുങ്ങും: തയ്യാറാക്കിയത് പ്രശാന്തന്‍ എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ? കള്ളപരാതിയില്‍ കൈയ്യക്ഷര പരിശോധന അനിവാര്യം; അന്വേഷണം ആ വഴിക്ക് എത്താതിരിക്കാർ ഉന്നതർ ഇടപെട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ പ്രചരിച്ച വ്യാജ പരാതിയില്‍ അന്വേഷം എങ്ങുമെത്തില്ല. ഇതിലേക്ക് അന്വേഷണം കൊണ്ടു പോകാതെ ആത്മഹത്യാ പ്രേരണയില്‍ മാത്രം കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് നീക്കം.

പരാതിയിലെ കള്ളം കണ്ടെത്തിയാല്‍ വിചാരണയില്‍ പോലും സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ കുടുങ്ങും. നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് മുമ്പ് പരാതി കൊടുത്തുവെന്ന് വരുത്തി എഡിഎമ്മിനെ കൈക്കൂലിക്കാരനാക്കാനായിരുന്നു ഈ ശ്രമം.

എന്നാല്‍ പരാതിക്കാരനായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ പ്രശാന്ത് ടിവിയിലെ പേരിലെ വ്യത്യാസവും ഒപ്പിലെ മാറ്റവും ആ കത്തിലെ കള്ളത്തരം പൊളിച്ചു. ഇതിനൊപ്പം മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ദിവ്യ ഉയര്‍ത്തിയ പ്രതിരോധവും പച്ചക്കള്ളമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആ പരാതി കത്തില്‍ അന്വേഷണം നടക്കാതിരിക്കാന്‍ ഉന്നത തല സമ്മര്‍ദ്ദം ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശാന്ത് നേരിട്ട് തയ്യറാക്കുന്ന ഔദ്യോഗിക ഇടപാടുകളില്‍ എല്ലാം പേര് പ്രശാന്ത് ടിവി എന്നാണ്. എഡിഎമ്മിന്റെ മരണത്തിന് മുൻപ് മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പുറത്തു വിട്ട പരാതിയില്‍ വിളിപ്പേരായ പ്രശാന്തന്‍ എന്നാണ് രേഖപ്പെടുത്തിയത്. അതിലെ ഒപ്പിലും വ്യത്യാസമുണ്ട്.

വാടക ചീട്ടിലും മറ്റും ഇടുക യഥാര്‍ത്ഥ ഒപ്പാണ്. പെട്രോള്‍ പമ്പിനായി ഉണ്ടാക്കിയ വാടക കരാര്‍ പ്രശാന്ത് നേരിട്ടു പോയി തയ്യാറാക്കിയും ഒപ്പിട്ടു നല്‍കിയതുമാണ്. അതുകൊണ്ട് തന്നെ ആ ഒപ്പാണ് യഥാര്‍ത്ഥമെന്ന് വ്യക്തം. എന്നാല്‍ എഡിഎം വിഷയത്തെ വഴി തിരിച്ചു വിടാന്‍ ആരുടേയോ ബുദ്ധിയില്‍ ഉയര്‍ന്ന വ്യാജ പരാതി മറ്റാരോ തയ്യാറാക്കിയതാണ്. ഇവര്‍ക്ക് പ്രശാന്തന്‍ എന്ന വിളിപ്പേരിനെ യഥാര്‍ത്ഥ പേരു പോലെ തോന്നിയിരിക്കണം.

അങ്ങനെ അതിലെ പേര് പ്രശാന്തന്‍ എന്നായി. കണ്ണൂരിലെ സംഭാഷണ രീതി അനുസരിച്ചാണ്‍ പേരിനൊപ്പം ഇത്തരം മാറ്റങ്ങള്‍ വരുത്തുന്ന വിളിപ്പേരുകള്‍ സൃഷ്ടിക്കപ്പെടുന്നത്. ആ വ്യാജ പരാതി തയ്യാറാക്കിയത് പ്രശാന്തന്‍ എന്നത് ഒര്‍ജിനല്‍ പേരെന്ന് തെറ്റിധരിച്ച മറ്റാരോ ആണെന്ന് വ്യക്തം. ആ പരാതിയില്‍ പ്രശാന്തിന്റെ ഒപ്പുണ്ട്. വ്യാജമെന്ന് മനസ്സിലാകുന്ന ഈ ഒപ്പില്‍ കൈയ്യക്ഷര പരിശോധന നടത്തിയാല്‍ ആ ഒപ്പിട്ടത് പ്രശാന്ത് ആണോ എന്ന് തെളിയും.

എന്നാല്‍ അത്തരം ശാസ്ത്രീയ രീതികളൊന്നും പോലീസ് അവലംബിക്കില്ല. ദിവ്യയുടെ ജാമ്യാപേക്ഷയിലെ വിധിയാകും നിര്‍ണ്ണായകം. അത് അനുകൂലമാണെങ്കില്‍ പാര്‍ട്ടി തല നടപടി കൂടെ എടുത്ത് ദിവ്യയെ വെറുതെ വിടൂം. വിചാരണയില്‍ തന്റെ നിരപരാധിത്വം ദിവ്യ തെളിയിക്കാന്‍ മുമ്പോട്ട് പോകേണ്ടിയും വരും.

ആ സമയത്ത് വ്യാജ പരാതിക്ക് പിന്നിലെ വ്യക്തിയെ കൈയ്യക്ഷര പരിശോധന അടക്കം കണ്ടെത്തി പിടിച്ചാല്‍ വലിയ കുരുക്കായി ദിവ്യയ്ക്ക് മാറും. അതുകൊണ്ട് ആ വിഷയത്തിലേക്ക് അന്വേഷണം കടക്കില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ചിത്രമാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുള്ളത്.

ആ കത്തിന്റെ ഒര്‍ജിനല്‍ ആര്‍ക്കും കിട്ടാതിരിക്കാനുള്ള മുന്‍ കരുതല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എടുത്തു കഴിഞ്ഞു. വ്യക്തമായ ഗൂഡാലോചന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംഭവിച്ചുവെന്നതാണ് വസ്തുത.

കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ് എന്ന് വ്യക്തമായിട്ടുണ്ട്. നിര്‍ദിഷ്ട സ്ഥലം വളവില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എഡിഎം എന്‍ഒസി വൈകിപ്പിച്ചത്. പിന്നീട് അനുമതി നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നെന്നും സൂചന പുറത്തു വന്നിരുന്നു. എന്‍ഒസിയില്‍ പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്.

ബിപിസിഎല്‍ ടെറിട്ടറി മാനേജരുടെ പേരിലാണ് എന്‍ഒസി നല്‍കിയത്. നെടുവാലൂര്‍ ചേരന്‍കുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്ബ് തുടങ്ങാനായി പ്രശാന്തന്‍ പാട്ടത്തിനെടുത്തിരുന്നത്. ഏതാണ് ഒരു കോടിയോളം ചെലവുണ്ട്. ഇതിനുള്ള പണമെല്ലാം ആര്‍ക്കാണ് പ്രശാന്തന് നല്‍കിയതെന്നതടക്കം ചോദ്യം ഉയരുന്നുണ്ട്.

വിഷയത്തില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരനായ ടി.വി പ്രശാന്തന്‍ ആരോപിച്ചിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അക്കാര്യം വിജിലന്‍സിനെ അറിയിക്കാതിരുന്നത് സംബന്ധിച്ച്‌ പ്രശാന്തനെതിരേ കുരുക്ക് മുറുകും. ഇതിനിടെ നവീന്‍ ബാബുവിനെതിരേ നല്‍കിയെന്ന് പ്രശാന്തന്‍ അവകാശപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് വ്യക്തമാക്കി പ്രശാന്തന്‍ ഒരു പരാതി കത്ത് പുറത്തുവിട്ടിരുന്നു. നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ ടി.വി.പ്രശാന്തന്‍ നല്‍കിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തിന് ബലം കൂടി.

ഇത് പുതിയ തലത്തിലെത്തിക്കുന്നതാണ് ഒപ്പിലെ വ്യത്യാസവും. ഇതോടെ ദിവ്യയേയും പ്രശാന്തനേയും അറസ്റ്റു ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. കൈയ്യക്ഷര പരിശോധന നടത്തിയാല്‍ ഒപ്പിട്ടത് പ്രശാന്തനാണോ എന്നും ഉറപ്പിക്കാം.

പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കാന്‍ നവീന്‍ ബാബു വൈകിയത് മനഃപൂര്‍വമല്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പമ്പ് സ്ഥാപിക്കുന്നതിനെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദേശീയപാതയില്‍ വളവ് വരുന്ന ഭാഗത്താണ് പമ്ബ് സ്ഥാപിക്കാന്‍ അനുമതി തേടിയിരുന്നത്. ഇത് അപകടസാധ്യതയുള്ള സ്ഥലമെന്ന് കാട്ടിയാണ് പോലീസ് എതിര്‍ത്തിരുന്നത്.

ഒടുവില്‍ ടൗണ്‍ പ്ലാനിങ് റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കിയത്. ഇതിനെല്ലാറ്റിനും പുറമെ നവീന്‍ ബാബു അഴിമതി രഹിതനാണെന്നാണ് വിവരം. അഴിമതി നടത്താത്ത ഉദ്യോഗസ്ഥരെ കുറിച്ചുള്ള സര്‍ക്കാരിന്റെ രഹസ്യ പട്ടികയില്‍ നവീന്‍ ബാബുവും ഉള്‍പ്പെട്ടിരുന്നു.

പട്ടികയില്‍ നവീന്‍ ബാബു മുന്‍നിരയിലായിരുന്നു. വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ഡെപ്യൂട്ടി കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരെ പറ്റി അവര്‍ നല്‍കുന്ന സേവനങ്ങളില്‍ ജനങ്ങളില്‍ നിന്നുള്ള പരാതികളും അവര്‍ക്കെതിരെയുള്ള കേസുകളും പരിഗണിച്ച്‌ റവന്യു വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.