സൈക്കിൾ ചവിട്ടുന്നതിനിടെ ആഴമുള്ള തോട്ടിലേക്ക് വീണു ; ഒന്നാം ക്ലാസുകാരിയുടെ രക്ഷകനായി 11വയസുകാരൻ സഹോദരൻ
സ്വന്തം ലേഖകൻ
കുട്ടനാട്: സൈക്കിൾ ചവിട്ടുന്നതിനിടെ ആഴമുള്ള തോട്ടിലേക്ക് വീണ ഒന്നാം ക്ലാസുകാരിയുടെ രക്ഷകനായി 11കാരൻ സഹോദരൻ. നെടുമുടി പഞ്ചായത്ത് 14ാം വാർഡ് ചെമ്പുംപുറം കീപ്പട വീട്ടിൽ ടോമിച്ചന്റെയും നാൻസിയുടേയും മകൾ അലാന ട്രീസാ ടോമിച്ചന്റെ (6) ജീവനാണ് സഹോദരൻ ആരോൺ രക്ഷിച്ചത് .
വീടീന് മുന്നിലുള്ള റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടെയാണ് ചെമ്പുംപുറം സാംസ്ക്കാരിക നിലയം പുളിക്കകാവ് തോട്ടിലേക്ക് അലാന വീണത്. പിന്നാലെ എത്തിയ ആരോൺ ഇത് കണ്ടു. നീന്തൽ വശമില്ലെങ്കിലും തോടിന്റെ സംരക്ഷണഭിത്തിയിൽ കമിഴ്ന്നു കിടന്നുകൊണ്ട് ആരോൺ, വെള്ളത്തിലേക്ക് മുങ്ങിത്താഴ്ന്ന അലാനയുടെ ഉടുപ്പിന്റെ കോളറിൽ പിടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലറി വിളിച്ചതോടെ, പരിസരവാസികളും അമ്മ നാൻസിയും ഓടിയെത്തി അലാനയെ കരയ്ക്കു കയറ്റി.ആരോണിന്റെ പിടിയിൽ കിട്ടിയില്ലായിരുന്നെങ്കിൽ പോളയും പുല്ലും നിറഞ്ഞ നിലയില്ലാതോട്ടിൽ അലാന മുങ്ങിപ്പോകുമായിരുന്നു.മുമ്പ് ഇതേ തോട്ടിൽ വീണ് രണ്ടുപേർ മരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . ചമ്പക്കുളം ബിഷപ് കുര്യാളശ്ശേരി പബ്ലിക് സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ. അലാന ഇവിടെ ഒന്നാംക്ളാസ് വിദ്യാർത്ഥിനിയും.