സ്വന്തം ലേഖകൻ
പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺഗ്രസിൽ നിന്നു പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഷാനിബിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നന്നു പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
പി സരിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം വ്യക്തമാക്കി ഷാനിബ് പത്ര സമ്മേളനം വിളിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പാർട്ടി നടപടി.
ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിനെ വെട്ടിലാക്കിയാണ് ഷാനിബും രംഗത്തെത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് വിടുന്നതായി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപിഎമ്മിൽ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.
പാലക്കാട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ പൂർണമായും കോൺഗ്രസ് തഴയുന്നു. തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും പാർട്ടി തിരുത്തലിന് തയാറാകുന്നില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാലക്കാട്, വടകര, ആറൻമുള ഡിലുണ്ടെന്നും ഷാനിബ് ആരോപിച്ചു.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചത്. പാലക്കാട് കെഎസ്‌യു മുൻ അധ്യക്ഷനായാണ് ഷാനിബ് പ്രവർത്തിച്ചിട്ടുള്ളത്.